വിസ്മയം തീർക്കുന്ന ആകസ്മികതകൾ മനസ്സിൽ തിരകൾ നിറക്കുമ്പോഴും അത് തുളുമ്പാതെ ഇരിക്കാൻ പാടുപെടുന്ന നിഗൂഢമായ നിമിഷങ്ങൾ അനുഭവിച്ചിട്ടുണ്ടോ ??
“അന്നൊരിക്കൽ ഒരു വെള്ളിനക്ഷത്രം എൻറെ വഴി വന്നപ്പോൾ ഒട്ടും പരിഭ്രമം തോന്നിയില്ല. ഇത്ര നാളും ഇങ്ങു വരാതിരുന്നതെന്തേ, എന്നാണ് ചോദിക്കാൻ തോന്നിയത്. എന്നാൽ ഒന്നും ചോദിക്കാതെയും ആ വിൺ താരകം പലതിനും മറുമൊഴി നൽകി കൊണ്ടിരുന്നപ്പോൾ ആദ്യം അമ്പരപ്പായിരുന്നു. ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്, ഈ ആകസ്മികതകളുടെ വിളയാട്ടം!!”
എങ്കിലും,
പടികയറി വരുന്ന ആകസ്മികതകൾ പതിവാകുമ്പോൾ ആശ്ചര്യമെന്തിന്..!
കൗതുകമോ വിഭ്രമമോ ആയിരുന്നില്ല, ആകസ്മികമായി ഒരേ തലത്തിൽ ചിന്തകൾ കൂട്ടിമുട്ടുന്നത് കണ്ടപ്പോൾ ഉള്ള അത്ഭുതമായിരുന്നു ആദ്യം. പിന്നെ പിന്നെ അത് നിത്യം ആയപ്പോൾ അത്ഭുതം ഒരു ആത്മബന്ധത്തിന് വഴിമാറിക്കൊടുത്തു. ആ സ്നേഹം അത്രമേൽ നിശബ്ദവും വിശുദ്ധവും ആയിരുന്നു. സ്നേഹത്തിൻറെ ഒരു പരിണാമ നാമങ്ങളിലും അത് ചെന്ന് പെടാതിരിക്കട്ടെ..