സാരമില്ല ,എല്ലാം ശരിയാവും

ജീവിതത്തിന്റെ പടവുകളിൽ ഇണയുടെ കൂട്ട് നഷ്ടപ്പെട്ടവർ,
പോയ കാലത്തിൻ ദുരനുഭവങ്ങളിൽ മനസ്സ് കുടുങ്ങി കിടക്കുന്നവർ,
അർഹതപ്പെട്ടതും വിലക്കപ്പെട്ടവർ,
വേണ്ടപ്പെട്ടവരുടെ വേർപാടിൽ മനമിടറിയവർ,
വാർദ്ധക്യസഹജമായി ഒറ്റപെട്ടവർ..

അങ്ങനെ ഒത്തിരി പേരുണ്ട് നമുക്കിടയിലും നമുക്ക് ചുറ്റിലും..

അവരെ തളർത്തുന്നത് മിക്കപ്പോഴും ശരീരത്തിന്റെ വല്ലായ്മകളാവില്ല, അതിലുപരി മാനസികമായ വ്യഥകളാവും.

(ക്ലിനിക്കൽ ഡിപ്രഷൻ എന്ന രോഗാവസ്ഥയെ കുറിച്ചല്ല പറഞ്ഞു വന്നത്. വിഷാദരോഗം മറ്റേതു അസുഖത്തെയും പോലെ അടിയന്തരമായി ചികിത്സ വേണ്ടത് തന്നെയാണ്. പക്ഷെ എല്ലാ സങ്കടങ്ങളും വിഷാദരോഗമല്ല)

ഫിസിക്കൽ അസുഖങ്ങളിൽ ലഭിക്കുന്ന കെയർ ഒന്നും പലപ്പോഴും ഇമോഷണൽ അസ്വസ്ഥകളിൽ പലർക്കും കിട്ടാറില്ല.

ഒന്ന് ചേർത്ത് പിടിച്ചാൽ മാറാവുന്ന തലവേദനയ്ക്കാവും ഡോക്ടറെ ചെന്ന് കാണാൻ പറയുന്നത്.

ഒരു കൈ താങ്ങു മാത്രം വേണ്ടിടത്താവും നൂറു കൂട്ടം ടാബ്ലറ്റ്സ് പ്രിസ്ക്രൈബ് ചെയ്യപ്പെടുന്നത്.

ഫിസിക്കലി ഉള്ള പരിരക്ഷണങ്ങളെക്കാളുപരി തുറന്നു സംസാരിക്കാനൊരാളെയാവും അന്നേരം അവർ ആഗ്രഹിക്കുന്നത്,

“സാരമില്ല ,
എല്ലാം ശരിയാവും,
ഞാനിവിടെ തന്നെയില്ലേ “


എന്ന വാക്കുകളാവും അവർ കേൾക്കാൻ കൊതിക്കുന്നത്,

സ്വാതന്ത്ര്യത്തോടെ ഇടപെടാൻ കഴിയുന്ന ഒരു കൂട്ടാവും അവർക്കു വേണ്ടത്.

നമ്മളിലോരോരുത്തരും ഓരോരോ സാഹചര്യങ്ങളിൽ ഇത്തരം അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോകുന്നുണ്ടാവും, ചിലതു മനസ്സിലാകാതെയും പോയേക്കാം.

മാനസികമായി തളർന്നവരെ തിരിച്ചറിയാനും കൂടുതൽ ഒറ്റപെടുത്തുകയെങ്കിലും ചെയ്യാതിരിക്കാനും, ഒരിത്തിരി നന്മ നമ്മളിൽ ഇപ്പോഴും ബാക്കി കിടപ്പുണ്ടാവും..തീർച്ച ..

പക്ഷെ ‘എന്നെകൊണ്ട് ഇനി ഒന്നിനും വയ്യ, ഇനിയിങ്ങനെ ഒക്കെ അങ്ങ് പോയാ മതി’

എന്നൊക്കെ പറഞ്ഞു സ്വയം സഹതപിച്ചു (രക്ഷപെടാനല്ലാതെ) ഡിപ്രഷൻ വിൽക്കാൻ മാത്രം നടക്കുന്നവരും ഈ കൂട്ടത്തിൽ കാണും.

അവർക്കു കൈത്താങ്ങാകണോ അതോ കൈ വെച്ച് ഒന്ന് താങ്ങണോ എന്നത് സന്ദർഭത്തിനു വിടുന്നു ..

3 thoughts on “സാരമില്ല ,എല്ലാം ശരിയാവും

Leave a comment