വിസ്മയം തീർക്കുന്ന ആകസ്മികതകൾ

വിസ്മയം തീർക്കുന്ന ആകസ്മികതകൾ മനസ്സിൽ തിരകൾ നിറക്കുമ്പോഴും അത് തുളുമ്പാതെ ഇരിക്കാൻ പാടുപെടുന്ന നിഗൂഢമായ നിമിഷങ്ങൾ അനുഭവിച്ചിട്ടുണ്ടോ ??

“അന്നൊരിക്കൽ ഒരു വെള്ളിനക്ഷത്രം എൻറെ വഴി വന്നപ്പോൾ ഒട്ടും പരിഭ്രമം തോന്നിയില്ല. ഇത്ര നാളും ഇങ്ങു വരാതിരുന്നതെന്തേ, എന്നാണ് ചോദിക്കാൻ തോന്നിയത്. എന്നാൽ ഒന്നും ചോദിക്കാതെയും ആ വിൺ താരകം പലതിനും മറുമൊഴി നൽകി കൊണ്ടിരുന്നപ്പോൾ ആദ്യം അമ്പരപ്പായിരുന്നു. ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്, ഈ ആകസ്മികതകളുടെ വിളയാട്ടം!!”

എങ്കിലും,

പടികയറി വരുന്ന ആകസ്മികതകൾ പതിവാകുമ്പോൾ ആശ്ചര്യമെന്തിന്..!

കൗതുകമോ വിഭ്രമമോ ആയിരുന്നില്ല, ആകസ്മികമായി ഒരേ തലത്തിൽ ചിന്തകൾ കൂട്ടിമുട്ടുന്നത് കണ്ടപ്പോൾ ഉള്ള അത്ഭുതമായിരുന്നു ആദ്യം. പിന്നെ പിന്നെ അത് നിത്യം ആയപ്പോൾ അത്ഭുതം ഒരു ആത്മബന്ധത്തിന് വഴിമാറിക്കൊടുത്തു. ആ സ്നേഹം അത്രമേൽ നിശബ്ദവും വിശുദ്ധവും ആയിരുന്നു. സ്നേഹത്തിൻറെ ഒരു പരിണാമ നാമങ്ങളിലും അത് ചെന്ന് പെടാതിരിക്കട്ടെ..

മിറർ സോൾ

മനസ്സുകളുടെ പ്രതിഫലനം നീയോ ഞാനോ ആരാണ് ആദ്യം അറിഞ്ഞത്? ഒരു ദർപ്പണത്തിൽ എന്ന പോലെ നിന്നിൽ ഞാൻ എന്നെ തന്നെയല്ലേ കണ്ടത്?

ജന്മജന്മാന്തരങ്ങൾ ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല, എങ്കിലും ചിലരെയൊക്കെ നെഞ്ചോടു ചേർത്ത് പോവുന്നത്, പോയ ജന്മത്തിലെ ബന്ധം കാരണമാവും എന്ന് ഇപ്പോൾ തോന്നി പോവുന്നു..

നീഎൻറെ പ്രതിഫലനം തന്നെയാണ്, ശ്വാസനില പോലും അളന്നെടുക്കാവുന്ന തരത്തിലുള്ള പ്രതിഫലനങ്ങൾ. എന്നിട്ടും ആദ്യം ഞാൻ വഴിമാറി നടന്നിരുന്നു.. നഷ്ടപ്പെടാതിരിക്കാൻ നമുക്കിനി കണ്ടുമുട്ടാതിരിക്കാം എന്നു പോലും ഓർത്തിരുന്നു.. പക്ഷേ നിന്നെ കാണാതിരുന്ന നിമിഷങ്ങളിലെല്ലാം എനിക്ക് എന്നെ തന്നെയാണ് നഷ്ടപ്പെട്ടു കൊണ്ടിരുന്നത്..

നീയും ഒരുനാൾ ഈ താദാത്മ്യപെടൽ തിരിച്ചറിയും. അന്ന് നീയതിനെ പ്രണയം എന്ന് മാത്രം വിളിക്കരുത്..ചേർത്തു പിടിച്ചിട്ടും ചാരെ അണച്ചിട്ടും നിന്നോട് ചേരാതെ ഞാൻ മാറി നിന്നത് ഒരു പക്ഷേ അങ്ങനൊരു ഭീതി എൻ്റെ മനസ്സിലുള്ളതോണ്ടാവും.. എങ്കിലും പറഞ്ഞു വെക്കുന്നു, നീ എപ്പോഴും എൻ്റെ ചുറ്റിലും ഒരു ചിന്തയായി അലയടിക്കുന്നുണ്ട്..

കൗതുകമോ വിഭ്രമമോ ആയിരുന്നില്ല, ആകസ്മികമായി ഒരേ തലത്തിൽ ചിന്തകൾ കൂട്ടിമുട്ടുന്നത് കണ്ടപ്പോൾ ഉള്ള അത്ഭുതമായിരുന്നു ആദ്യം. പിന്നെ പിന്നെ അത് നിത്യമായപ്പോൾ അത്ഭുതം ഒരു ആത്മബന്ധത്തിന് വഴിമാറിക്കൊടുത്തു. ആ സ്നേഹം അത്രമേൽ നിശബ്ദവും വിശുദ്ധവും ആയിരുന്നു. സ്നേഹത്തിൻറെ ഒരു പരിണാമ നാമങ്ങളിലും അത് ചെന്ന് പെടാതിരിക്കട്ടെ..

ഇഷ്ടം, പ്രണയം, വാത്സല്യം ഇങ്ങനെ സ്നേഹത്തിൻറെ ഒരു വിശേഷണങ്ങളും അനുയോജ്യമാവാത്ത ചില മനസ്സടുപ്പങ്ങളുമുണ്ട്..നിർവ്വചിക്കപ്പെടരുതാത്ത മനസ്സടുപ്പങ്ങൾ !!

മഴനൂലിഴയുടെ കഥ

മനസ്സുകളുടെ ഇഴയടുപ്പങ്ങളിലും വേറിട്ടുനിന്ന ഒരു മഴനൂലിഴയുടെ കഥ കേട്ടിട്ടുണ്ടോ..?

“നിൻറെ കണ്ണിൽ പ്രണയം മാത്രം നിറഞ്ഞു നിൽക്കുന്നത് കണ്ടു ആ മഴനൂലിഴ നിർത്താതെ പെയ്തു.. നിനക്കു തിരികെ തരാൻ ആകാത്ത സ്നേഹമത്രയും മഴയായ് ഒഴുക്കി..

നീ എന്നെങ്കിലും അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ..

പ്രണയമല്ല, മനസ്സുകളെ ഇഴയടുപ്പിച്ചതെന്ന് നീ എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ..”