ശേഷിപ്പുകൾ

ആവർത്തനം അനുഭവത്തിന്റെ തീവ്രത കുറച്ചേക്കാം. കാലപ്പഴക്കം ഓർമ്മകളെ തേച്ചു മായ്ച്ചേക്കാം.

എന്നാൽ പിന്നെയും ചില ശേഷിപ്പുകൾ ഉണ്ട്. സമയം കൊണ്ട് അലിയിച്ചു കളയാനോ, ആവർത്തനം കൊണ്ട് പൊരുത്തപ്പെടാനോ കഴിയാത്ത ചില നൊമ്പരപാടുകൾ!!

ഒരു തലോടിനാൽ മുക്തി കൊതിക്കുന്ന ശേഷിപ്പുകൾ!!

കടമകൾ പൂർത്തിയാക്കി മടങ്ങിയിട്ടും ബാക്കിവെച്ച വാൽസല്യത്തിന്റെ കാണാച്ചരടുകൾ!!

സാരമില്ല ,എല്ലാം ശരിയാവും

ജീവിതത്തിന്റെ പടവുകളിൽ ഇണയുടെ കൂട്ട് നഷ്ടപ്പെട്ടവർ,
പോയ കാലത്തിൻ ദുരനുഭവങ്ങളിൽ മനസ്സ് കുടുങ്ങി കിടക്കുന്നവർ,
അർഹതപ്പെട്ടതും വിലക്കപ്പെട്ടവർ,
വേണ്ടപ്പെട്ടവരുടെ വേർപാടിൽ മനമിടറിയവർ,
വാർദ്ധക്യസഹജമായി ഒറ്റപെട്ടവർ..

അങ്ങനെ ഒത്തിരി പേരുണ്ട് നമുക്കിടയിലും നമുക്ക് ചുറ്റിലും..

അവരെ തളർത്തുന്നത് മിക്കപ്പോഴും ശരീരത്തിന്റെ വല്ലായ്മകളാവില്ല, അതിലുപരി മാനസികമായ വ്യഥകളാവും.

(ക്ലിനിക്കൽ ഡിപ്രഷൻ എന്ന രോഗാവസ്ഥയെ കുറിച്ചല്ല പറഞ്ഞു വന്നത്. വിഷാദരോഗം മറ്റേതു അസുഖത്തെയും പോലെ അടിയന്തരമായി ചികിത്സ വേണ്ടത് തന്നെയാണ്. പക്ഷെ എല്ലാ സങ്കടങ്ങളും വിഷാദരോഗമല്ല)

ഫിസിക്കൽ അസുഖങ്ങളിൽ ലഭിക്കുന്ന കെയർ ഒന്നും പലപ്പോഴും ഇമോഷണൽ അസ്വസ്ഥകളിൽ പലർക്കും കിട്ടാറില്ല.

ഒന്ന് ചേർത്ത് പിടിച്ചാൽ മാറാവുന്ന തലവേദനയ്ക്കാവും ഡോക്ടറെ ചെന്ന് കാണാൻ പറയുന്നത്.

ഒരു കൈ താങ്ങു മാത്രം വേണ്ടിടത്താവും നൂറു കൂട്ടം ടാബ്ലറ്റ്സ് പ്രിസ്ക്രൈബ് ചെയ്യപ്പെടുന്നത്.

ഫിസിക്കലി ഉള്ള പരിരക്ഷണങ്ങളെക്കാളുപരി തുറന്നു സംസാരിക്കാനൊരാളെയാവും അന്നേരം അവർ ആഗ്രഹിക്കുന്നത്,

“സാരമില്ല ,
എല്ലാം ശരിയാവും,
ഞാനിവിടെ തന്നെയില്ലേ “


എന്ന വാക്കുകളാവും അവർ കേൾക്കാൻ കൊതിക്കുന്നത്,

സ്വാതന്ത്ര്യത്തോടെ ഇടപെടാൻ കഴിയുന്ന ഒരു കൂട്ടാവും അവർക്കു വേണ്ടത്.

നമ്മളിലോരോരുത്തരും ഓരോരോ സാഹചര്യങ്ങളിൽ ഇത്തരം അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോകുന്നുണ്ടാവും, ചിലതു മനസ്സിലാകാതെയും പോയേക്കാം.

മാനസികമായി തളർന്നവരെ തിരിച്ചറിയാനും കൂടുതൽ ഒറ്റപെടുത്തുകയെങ്കിലും ചെയ്യാതിരിക്കാനും, ഒരിത്തിരി നന്മ നമ്മളിൽ ഇപ്പോഴും ബാക്കി കിടപ്പുണ്ടാവും..തീർച്ച ..

പക്ഷെ ‘എന്നെകൊണ്ട് ഇനി ഒന്നിനും വയ്യ, ഇനിയിങ്ങനെ ഒക്കെ അങ്ങ് പോയാ മതി’

എന്നൊക്കെ പറഞ്ഞു സ്വയം സഹതപിച്ചു (രക്ഷപെടാനല്ലാതെ) ഡിപ്രഷൻ വിൽക്കാൻ മാത്രം നടക്കുന്നവരും ഈ കൂട്ടത്തിൽ കാണും.

അവർക്കു കൈത്താങ്ങാകണോ അതോ കൈ വെച്ച് ഒന്ന് താങ്ങണോ എന്നത് സന്ദർഭത്തിനു വിടുന്നു ..

ചായ കുടിച്ചോ ?

“നിങ്ങളു ഭക്ഷണം കഴിച്ചോ?”

വെച്ചുണ്ടാക്കി വിളമ്പിത്തരുന്നവരോട്, തിരിച്ച് ഇങ്ങനെ ഒന്നു ഇടയ്ക്കെങ്കിലും ചോദിക്കാറുണ്ടോ? അതിപ്പോ വീട്ടിലായാലും ഇനി ഒരു റസ്റ്റോറൻ്റിൽ ആയാലും..

ആ ചോദ്യം, കേൾക്കുന്നവരുടെ മനസ്സിലുണ്ടാക്കുന്ന പോസിറ്റിവിറ്റി ഒത്തിരി വലുതാണ്, കഴിച്ചില്ലെങ്കിൽ പോലും വയറു നിറഞ്ഞ ഫീൽ!!

തനിയാവർത്തനം

ചില കാര്യങ്ങൾ അങ്ങനാ..

ആദ്യമായി കേൾക്കുവാണേലും പണ്ടേ അറിയാമായിരുന്നു എന്ന് തോന്നും.

ചിലരെ ആദ്യമായി കാണുമ്പോഴും ചിരകാല പരിചയം അനുഭവപ്പെടും.

ചില നിമിഷങ്ങളുമുണ്ട് അങ്ങനെ,

തനിയാവർത്തനമായി ഉരുത്തിരിഞ്ഞുവരുന്ന ജീവിതത്തിലെ ചില ഏടുകൾ..

തുറന്നെഴുത്തുകൾ

എനിക്ക് സ്നേഹം വേണം..അത് പ്രകടമായി തന്നെ കിട്ടണം.. ഉള്ളിൽ സ്നേഹം ഉണ്ട്, പക്ഷേ അത് പ്രകടിപ്പിക്കാൻ ആവുന്നില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.. ശവകുടീരത്തിൽ ചെന്ന് പൂവിട്ടാൽ ഞാൻ അറിയുമോ..

ശരീരം മറന്ന് പ്രേമിക്കാൻ അറിയുന്ന ഒരാളെ അന്വേഷിക്കുകയായിരുന്നു ഞാൻ. എൻറെ ശരീരം നശിച്ച ശേഷവും എന്നെ സ്നേഹിക്കാൻ ത്രാണിയുള്ള ഒരു കാമുകൻ..

~ മാധവിക്കുട്ടി

പ്രണയനുറുങ്ങുകൾ

കര എന്നും കൂടെ ഉണ്ടാവണം എന്ന കടലിൻറെ ആഗ്രഹവും,

കടൽ എന്നും കൂടെ ഉണ്ടാവുമെന്ന കരയുടെ വിശ്വാസവും

ചേർന്നതാണ് കടൽത്തീരങ്ങൾ.

ആഗ്രഹവും വിശ്വാസവുമില്ലാത്തിടത്ത്

ഹൃദയങ്ങൾ സംവദിക്കുന്നതെങ്ങനെ?

പഴി

ഉരുക്കു പോലെ ഉറപ്പുറ്റ പാറക്കൂട്ടങ്ങളായിരുന്നു !!

പക്ഷേ ഉടഞ്ഞുപോയത്രേ..

മുമ്പേ നിരന്തരം പതിച്ച ഇടിമിന്നലുകൾ കണ്ണടച്ചിരുട്ടാക്കിയപ്പോ, പഴി കേട്ടത് അവസാന ക്ഷണം വന്നു പെട്ട പൊടിയുറുമ്പുകളും ..

സമയത്തേരിലേറ്റേണ്ട ചിലത്

അപ്പോഴത്തെ തോന്നലുകളും വികാരങ്ങളും ചിലർക്ക് നേരമ്പോക്കുകൾ മാത്രമായിരിക്കും. അതൊക്കെ നേരാണെന്നോർക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ,

എന്തിനോടെങ്കിലും ഒരുപാട് ഇഷ്ടം തോന്നുന്നുവെങ്കിൽ അതിനെ കുറച്ചുനാളത്തേക്ക് സമയത്തിന് വിട്ടുകൊടുക്കുക.

ചില നിമിഷത്തെ ആഗ്രഹങ്ങളെ സമയത്തേരിലേറ്റി വിടുക.

അപ്പോ അറിയാം അത് നിലനിൽക്കുന്നതാണോ അല്ലയോ എന്ന്…

മൃത്യു

മൃത്യുവിന്നു മാത്രമറിയാവുന്ന രഹസ്യമാർക്കും പകരാതെയോരോ ദേഹവും ദേഹിയെ പിരിഞ്ഞിടുന്നൂ കാലം പിന്നെയും ബാക്കിവെച്ചവരോ രോന്നെണ്ണിപ്പെറുക്കിയീ തീരാനോവിൻ കയത്തില് പിടിവള്ളിയില്ലാതുഴറിടുന്നൂ

മൃത്യു

ബന്ധങ്ങൾ വെറുതെ അനുവദിച്ചു കിട്ടുന്നതല്ല

“എൻ്റെ ജല്പനങ്ങൾ കടങ്കഥകളായ് തോന്നിയോ നിനക്ക്? നിനക്ക് മാത്രം അറിയാവുന്ന ഭാഷയിൽ ഞാൻ കോറിയിട്ട ഇടങ്ങളിലെല്ലാം നമ്മളുണ്ടായിരുന്നതല്ലേ.. എന്നാ, നിനക്കുവേണ്ടി കുറിച്ചുവെച്ച ഇടങ്ങളിൽ ഒന്നും നീ എന്നെ കണ്ടില്ല, തിരഞ്ഞില്ല. അറിഞ്ഞു നീ മറന്നു വെച്ച ഇടങ്ങളിലെല്ലാം ഞാൻ ഉണ്ടായിരുന്നതല്ലേ..”

ചിലരങ്ങനെയാ, കൂടെയുള്ളവരെ പലപ്പോഴും ടേക്കൺ ഫോർ ഗ്രാൻഡഡ് ആയെടുക്കും. അവരെത്ര ചേർത്ത് പിടിച്ചാലും അവരുടെ മൂല്യം അന്നേരങ്ങളിൽ തിരിച്ചറിയില്ല. പിന്നീട് എന്നെങ്കിലും അതറിഞ്ഞു ചെല്ലുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കും.

നെഞ്ചോട് ചേർത്തപ്പോഴൊക്കെ വിസ്മരിക്കപ്പെട്ടതല്ലേ അവർ, പിന്നെ കാലങ്ങൾക്കിപ്പുറം അവരുടെ നെഞ്ചോട് ചേരാൻ ചെല്ലുമ്പോൾ, കൂടെ ചേരാൻ അവർ പാടുപെടുന്നെങ്കിൽ അത്ഭുതം എന്തിന് !!

ബന്ധങ്ങൾ വെറുതെ അനുവദിച്ചു കിട്ടുന്നതല്ല. സമയമുണ്ടല്ലോ പിന്നീടാവാം എന്ന് കരുതി മാറ്റിവയ്ക്കുന്ന അവസരങ്ങളൊന്നും പിന്നീട് തിരിച്ചു വരണമെന്നില്ല. മറ്റു പലയിടത്തും സ്നേഹം അന്വേഷിച്ച് തിരക്കിട്ട പണിയിലാവുമ്പോൾ തൊട്ടുമുന്നിലുള്ള സ്നേഹ സ്വരങ്ങൾ കേൾക്കാതെ പോകും, കൈവിട്ടു പോകുമ്പോൾ മാത്രമേ അത് തിരിച്ചറിയൂ..

എൻ്റെ സ്നേഹം എന്നും നിൻറെ കൂടെ ഉണ്ടാവും, പക്ഷെ എന്നും ഞാൻ ഉണ്ടാകണമെന്നില്ല.

നീയെന്നെ തേടി വരുമ്പോഴേക്കും തീർത്തും ജീവനില്ലാത്ത ശരീരമായോ അല്ലെങ്കിൽ ജീവനുള്ള മൃതശരീരമായോ തീർന്നിട്ടുണ്ടാവും ഞാൻ!!

കാത്തിരിക്കാത്തവർക്കായി സർവ്വം ഉഴിഞ്ഞു വെയ്ക്കും, കാത്തിരിക്കുന്നവരെ കണ്ടില്ലെന്നും വെയ്ക്കും, അതിൻറെ പേരാണത്രേ ജീവിതം!!