മടവൂർ പാറ – solo travels

ഈ യാത്ര എങ്ങോട്ടാണെന്ന് രണ്ടു മൂന്നു ദിവസം മുമ്പ് ഏറെക്കുറെ പ്ലാൻ ചെയ്തതായിരുന്നു. അതിൻറെ ക്രെഡിറ്റ് മുഴുവനും എൻറെ ഒരു സുഹൃത്തിന് ഉള്ളതാണ്. മടവൂർപാറ എന്ന ഈ സ്ഥലം അവൻറെ സജഷൻ ആയിരുന്നു- പാറക്കൂട്ടങ്ങൾ, ബാംബൂ ബ്രിഡ്ജ് ഗുഹാക്ഷേത്രം പിന്നെയൊരു ചിൽഡ്രൻസ് പാർക്കും. മോശമല്ലാത്ത ഗൂഗിൾ റിവ്യൂയും അനുകൂലമായ കാലാവസ്ഥയും എന്നെ ആ പാറക്കൂട്ടങ്ങൾ കയറാൻ പ്രേരിപ്പിച്ചു.

പതിവുപോലെ ഈ സോളോ ട്രാവലും ബസ്സിൽ തന്നെ എന്നത് നേരത്തെ ഞാൻ ഉറപ്പിച്ചതാണ്. പോവേണ്ട വഴിയെ കുറിച്ചുള്ള ഏകദേശ ധാരണയുണ്ടാക്കി വെച്ചിരുന്നു. ശ്രീകാര്യത്ത് (തിരുവനന്തപുരം)
എത്തിയശേഷം ചെമ്പഴന്തി വഴി പോത്തൻകോട് പോകുന്ന ബസ്സിൽ കയറി. 12 രൂപ ബസ് ടിക്കറ്റ് as on 8th Feb 2019. 20 മിനിറ്റിനുള്ളിൽ മടവൂർപാറ എത്തി. താഴേക്കിറങ്ങി പോകുന്ന ഒരു റോഡ് കണ്ടു, ബസ് ഇറങ്ങിയതിന്റെ ഓപ്പോസിറ്റ് സൈഡിൽ. അവിടെ മടവൂർപാറ ശിവക്ഷേത്രത്തിന്റെ ബോർഡും വെച്ചിട്ടുണ്ടായിരുന്നു.ദൂരത്തായി പാറ കാണാം..വെയിൽ വീണു തുടങ്ങിയിട്ടുണ്ട്. ആ റോഡ് വഴി ഞാൻ നടന്നു. 500 മീറ്ററിനുള്ളിൽ അടുത്ത ബോർഡ് കണ്ടു ‘മടവൂർപ്പാറ’ . അവിടെ കയറ്റം തുടങ്ങി .

കുത്തനെ നിൽക്കുന്ന പാറക്കെട്ടുകളിലൂടെ കുറേപ്പേർ നടന്നു പോകുന്നുണ്ടായിരുന്നു. ആദ്യം കുറച്ചു സ്റ്റെപ്പ്സ് ഉണ്ട്, റോഡിൽ നിന്നും പാറയുടെ തുടക്കം എത്താൻ, അത് കഴിഞ്ഞ് കുത്തനെ കയറ്റമാണ് . പക്ഷേ ബുദ്ധിമുട്ടുള്ളതല്ല. പാറകൾക്ക് നല്ല ഗ്രിപ്പ് ഉള്ളതുപോലെ, എന്നാലും മഴ സമയത്ത് ഒട്ടും സേഫ് ആവുകയില്ല.

അവിടെ കണ്ട ആളോട് ഞാൻ ഗുഹാക്ഷേത്രത്തെ കുറിച്ച് അന്വേഷിച്ചു. ഒന്നുകിൽ പാറ തുടങ്ങുന്നിടത്ത് നിന്നും ഒരു ചെറിയ വഴിയിലൂടെ വലത്തോട്ട് നടന്നാൽ അമ്പലം എത്തും എന്ന് അയാൾ പറഞ്ഞു, അല്ലെങ്കിൽ കയറുന്നതിനുമുമ്പ് കുറച്ചുകൂടെ റോഡിൽ കൂടി മുന്നോട്ടു പോവണം എന്ന്. ഏതായാലും ഞാൻ കുറച്ചു കയറി തുടങ്ങിയ സ്ഥിതിക്ക് മുകളിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു.

കയറാൻ പേടിയൊന്നും ഒട്ടുംതോന്നിയില്ല. മുകളിലെത്തിയപ്പോൾ പെട്ടെന്ന് വല്ലാത്ത ഒരു ഒരു ecstacy ഉണ്ടായി. ലോകം വെട്ടിപ്പിടിച്ച ഒരു നിർവൃതി. ഇത്തരം ചെറിയ ചെറിയ നിമിഷങ്ങൾ ജീവിതത്തിന് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഒരു വലിയ തെറ്റ് തന്നെ എന്ന് എനിക്ക് ആ നിമിഷം തോന്നി. അത്രയ്ക്ക് സുന്ദരമായിരുന്നു അവിടുന്നുള്ള വീക്ഷണം. നല്ല വെയിൽ ഉണ്ടായിട്ടും അതൊന്നും സത്യത്തിൽ എന്നെ ബാധിച്ചതേയില്ല.

ബാബു ബ്രിഡ്ജ് ആണ് അവിടുത്തെ മറ്റൊരു ആകർഷണീയത. നേരത്തെ ഞാൻ കണ്ട ആൾ അവിടത്തെ എംപ്ലോയി ആണെന്ന് പറഞ്ഞിരുന്നു. കോളേജ് പിള്ളേരെ പേടിച്ചു ബാംബൂ ബ്രിഡ്ജ് വൈകിട്ട് നാലുമണിക്ക് മാത്രമേ തുറക്കാറുള്ളൂ എന്നും അയാൾ പറഞ്ഞിരുന്നു . പക്ഷേ അപ്പോൾ അവിടെ കുറച്ചുപേർ കൂടി വന്നെത്തിയിട്ടുള്ളതിനാൽ അയാൾ ബാംബൂ ബ്രിഡ്ജിന്റെ ലോക്ക് തുറന്നു തന്നു. അല്ലായിരുന്നെങ്കിൽ ചിലപ്പോ എനിക്ക് അവിടെ കയറാതെ മടങ്ങേണ്ടിവന്നേനെ.

മനുഷ്യനിർമ്മിതമായിട്ടും കൂടി ആ ബ്രിഡ്ജിന് ഒരു ഡിവൈൻ ഫീൽ ഉള്ളതുപോലെ. രണ്ട് കിലോമീറ്റർ ഉണ്ട് എന്ന് തോന്നുന്നു അതിലൂടെ നടക്കാൻ. അതിൻറെ ഓരോ കോർണർ കളും പല കമിതാക്കളുടെയും സ്പന്ദനം ഏറ്റ പോലെ തീർത്തും ജീവസുറ്റതായിരുന്നു. മുകളിൽ ചെന്ന് എത്തിയാൽ ഇരിപ്പിടവും ഉണ്ട്, എത്ര നേരം വേണമെങ്കിലും അവിടെ ഇരുന്നു പോവും. തൊട്ടപ്പുറത്ത് പന്നിയും കുറുക്കനും പാമ്പും ഒക്കെയുള്ള കാട് ആണെന്ന് നമ്മുടെ എംപ്ലോയി ചേട്ടൻ പറഞ്ഞിരുന്നത് മനസ്സിൽ ഉള്ളത് കൊണ്ട് കുറച്ചു നേരത്തിനു ശേഷം ഞാൻ തിരിച്ചിറങ്ങി. ശല്യപ്പെടുത്താതെ , കൂടുതലൊന്നും ഇടപെടാതെ, എന്നെ എൻറെ പാട്ടിനു വിടുന്ന ഒരു ബോഡിഗാർഡ് ഉണ്ടായിരുന്നെങ്കിൽ അവിടെ കുറച്ചു നേരം കൂടി സ്വപ്നം കണ്ടിരിക്കാമായിരുന്നു.

ഏതായാലും ഞാൻ തിരിച്ചു ബാംബൂ ഫ്രിഡ്ജ് ഇറങ്ങി പാറയുടെ മുകളിൽ തന്നെ എത്തി.പാറയുടെ മുകളിൽ ഒരു വശത്ത് ചിൽഡ്രൻ പാർക്ക് ഉണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ സ്ഥലം ഇഷ്ടപ്പെടും. ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെൻറ് ആണ് ആണ് ഇപ്പോൾ മടവൂർപാറ സംരക്ഷിക്കുന്നത്. പിന്നെ ടൂറിസം ഡിപ്പാർട്ട്മെൻറിന്റെ നേതൃത്വത്തിൽ ചില പുതിയ പരിഷ്കരണങ്ങളും നടത്തുന്നുണ്ട് – കൽപ്പടവുകളും events നടത്താൻ പറ്റിയ സ്റ്റേജും ഒക്കെ നിർമിച്ചു വരുന്നുണ്ട്. അടുത്തവർഷം ഓണാഘോഷ പരിപാടികൾക്ക് ഇവിടെയും ഒരു venu ആണ് എന്ന് ആ എംപ്ലോയീ പറഞ്ഞു.

ഇനി പാറ കയറാതെയും പാറപ്പുറത്ത് എത്താൻ ഒരു വഴിയുണ്ട്, അതായത് പാറയുടെ മറുവശം വഴി. അവിടെ നിരപ്പായ പ്രദേശം ആണ്. പാർക്ക് കഴിഞ്ഞാൽ റോഡ് ഉണ്ട്, അതുവഴിയും ആൾക്കാർ വരുന്നുണ്ട്. ശാന്തിഗിരി വഴി വന്നാൽ ആ ബാക്ക് ഗേറ്റിൽ എത്താൻ പറ്റും.പാറ ഇറങ്ങി തിരിച്ചു വരുമ്പോൾ ഞാൻ അമ്പലത്തിൽ കയറി.

നട അടച്ചിരുന്നെങ്കിലും ആ പാറക്കെട്ടുകൾക്കുള്ളിലെ ഗുഹാക്ഷേത്രം അത്ഭുതം തന്നെയായിരുന്നു. 850 AD യിലോ മറ്റോ ആണ് അത് ഉണ്ടായതെന്ന് കരുതുന്നു. പാണ്ഡവന്മാർ അവിടെ താമസിച്ചിട്ടുണ്ട് എന്നും സന്യാസിമാർ ശിവനെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്തിയ സ്ഥലമാണെന്നും മറ്റും പല കഥകളും ഉണ്ട്. പക്ഷെ സത്യത്തിൽ അതിൻറെ ഉത്ഭവത്തെക്കുറിച്ച് വിശ്വസനീയമായ ഒരു തെളിവുമില്ല.

ശരിക്കും വൈകുന്നേരങ്ങൾ ആണ് മടവൂർപാറ സന്ദർശിക്കാൻ ഉചിതമായ സമയം. ഇനിയും പോകണം എന്ന് മനസിലുറപ്പിച്ചാണ് ഞാൻ അവിടുന്ന് തിരിച്ചു ബസ് കയറിയത്.