ശേഷിപ്പുകൾ

ആവർത്തനം അനുഭവത്തിന്റെ തീവ്രത കുറച്ചേക്കാം. കാലപ്പഴക്കം ഓർമ്മകളെ തേച്ചു മായ്ച്ചേക്കാം.

എന്നാൽ പിന്നെയും ചില ശേഷിപ്പുകൾ ഉണ്ട്. സമയം കൊണ്ട് അലിയിച്ചു കളയാനോ, ആവർത്തനം കൊണ്ട് പൊരുത്തപ്പെടാനോ കഴിയാത്ത ചില നൊമ്പരപാടുകൾ!!

ഒരു തലോടിനാൽ മുക്തി കൊതിക്കുന്ന ശേഷിപ്പുകൾ!!

കടമകൾ പൂർത്തിയാക്കി മടങ്ങിയിട്ടും ബാക്കിവെച്ച വാൽസല്യത്തിന്റെ കാണാച്ചരടുകൾ!!

കാലത്തിൻ്റെ കാൽപ്പാടുകൾ

പഴയ രണ്ടു ഭാഗ്യനരകൾ പെറ്റുപെരുകി പത്തിരുപത് തലമുറയോടടുത്തല്ലോ….?

പണ്ട് രണ്ട് സ്വർണ്ണ നൂലും മൂന്ന് വെള്ളി നൂലും മാത്രേ ണ്ടായിരുന്നുള്ളൂ..
ഇപ്പൊ സ്വർണ്ണം കാണാനില്ലേലും വെള്ളി നൂറുകണക്കിനുണ്ട്.. 😌

മുടി നരക്കട്ടെ,
കാലത്തിൻ്റെ കാൽപ്പാടുകൾ അത്രയെങ്കിലും വേണ്ടേ..

മൗന കാവ്യം

ഒരേ ഞെട്ടിലെ രണ്ടിലകൾ, ഒരു കഥ പറയാമോന്ന് ചോദിച്ചപ്പോ രണ്ടുപേരും ഒരേ കഥ പറഞ്ഞു

ഒറ്റ വരി പ്രബന്ധങ്ങൾ

എത്തേണ്ടത് നിന്നിലെങ്കിൽ എത്ര കാതം താണ്ടിയാലും മടുക്കില്ലെനിക്കെന്നറിക നീ

~ പുഴയും കടലും

പരിഭവം അല ചൊല്ലുന്നത് നീയാണെങ്കിൽ കേൾക്കാം ഞാനീരേഴു ജന്മങ്ങളും

~ തിരയും തീരവും

പകലിൻ ലാസ്യമോ രാവിൻ ലയമോ പറയൂ സന്ധ്യേ നിനക്കേറ്റം പ്രിയം

~ വിണ്ണും സന്ധ്യയും 

സാരമില്ല ,എല്ലാം ശരിയാവും

ജീവിതത്തിന്റെ പടവുകളിൽ ഇണയുടെ കൂട്ട് നഷ്ടപ്പെട്ടവർ,
പോയ കാലത്തിൻ ദുരനുഭവങ്ങളിൽ മനസ്സ് കുടുങ്ങി കിടക്കുന്നവർ,
അർഹതപ്പെട്ടതും വിലക്കപ്പെട്ടവർ,
വേണ്ടപ്പെട്ടവരുടെ വേർപാടിൽ മനമിടറിയവർ,
വാർദ്ധക്യസഹജമായി ഒറ്റപെട്ടവർ..

അങ്ങനെ ഒത്തിരി പേരുണ്ട് നമുക്കിടയിലും നമുക്ക് ചുറ്റിലും..

അവരെ തളർത്തുന്നത് മിക്കപ്പോഴും ശരീരത്തിന്റെ വല്ലായ്മകളാവില്ല, അതിലുപരി മാനസികമായ വ്യഥകളാവും.

(ക്ലിനിക്കൽ ഡിപ്രഷൻ എന്ന രോഗാവസ്ഥയെ കുറിച്ചല്ല പറഞ്ഞു വന്നത്. വിഷാദരോഗം മറ്റേതു അസുഖത്തെയും പോലെ അടിയന്തരമായി ചികിത്സ വേണ്ടത് തന്നെയാണ്. പക്ഷെ എല്ലാ സങ്കടങ്ങളും വിഷാദരോഗമല്ല)

ഫിസിക്കൽ അസുഖങ്ങളിൽ ലഭിക്കുന്ന കെയർ ഒന്നും പലപ്പോഴും ഇമോഷണൽ അസ്വസ്ഥകളിൽ പലർക്കും കിട്ടാറില്ല.

ഒന്ന് ചേർത്ത് പിടിച്ചാൽ മാറാവുന്ന തലവേദനയ്ക്കാവും ഡോക്ടറെ ചെന്ന് കാണാൻ പറയുന്നത്.

ഒരു കൈ താങ്ങു മാത്രം വേണ്ടിടത്താവും നൂറു കൂട്ടം ടാബ്ലറ്റ്സ് പ്രിസ്ക്രൈബ് ചെയ്യപ്പെടുന്നത്.

ഫിസിക്കലി ഉള്ള പരിരക്ഷണങ്ങളെക്കാളുപരി തുറന്നു സംസാരിക്കാനൊരാളെയാവും അന്നേരം അവർ ആഗ്രഹിക്കുന്നത്,

“സാരമില്ല ,
എല്ലാം ശരിയാവും,
ഞാനിവിടെ തന്നെയില്ലേ “


എന്ന വാക്കുകളാവും അവർ കേൾക്കാൻ കൊതിക്കുന്നത്,

സ്വാതന്ത്ര്യത്തോടെ ഇടപെടാൻ കഴിയുന്ന ഒരു കൂട്ടാവും അവർക്കു വേണ്ടത്.

നമ്മളിലോരോരുത്തരും ഓരോരോ സാഹചര്യങ്ങളിൽ ഇത്തരം അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോകുന്നുണ്ടാവും, ചിലതു മനസ്സിലാകാതെയും പോയേക്കാം.

മാനസികമായി തളർന്നവരെ തിരിച്ചറിയാനും കൂടുതൽ ഒറ്റപെടുത്തുകയെങ്കിലും ചെയ്യാതിരിക്കാനും, ഒരിത്തിരി നന്മ നമ്മളിൽ ഇപ്പോഴും ബാക്കി കിടപ്പുണ്ടാവും..തീർച്ച ..

പക്ഷെ ‘എന്നെകൊണ്ട് ഇനി ഒന്നിനും വയ്യ, ഇനിയിങ്ങനെ ഒക്കെ അങ്ങ് പോയാ മതി’

എന്നൊക്കെ പറഞ്ഞു സ്വയം സഹതപിച്ചു (രക്ഷപെടാനല്ലാതെ) ഡിപ്രഷൻ വിൽക്കാൻ മാത്രം നടക്കുന്നവരും ഈ കൂട്ടത്തിൽ കാണും.

അവർക്കു കൈത്താങ്ങാകണോ അതോ കൈ വെച്ച് ഒന്ന് താങ്ങണോ എന്നത് സന്ദർഭത്തിനു വിടുന്നു ..

തനിയാവർത്തനം

ചില കാര്യങ്ങൾ അങ്ങനാ..

ആദ്യമായി കേൾക്കുവാണേലും പണ്ടേ അറിയാമായിരുന്നു എന്ന് തോന്നും.

ചിലരെ ആദ്യമായി കാണുമ്പോഴും ചിരകാല പരിചയം അനുഭവപ്പെടും.

ചില നിമിഷങ്ങളുമുണ്ട് അങ്ങനെ,

തനിയാവർത്തനമായി ഉരുത്തിരിഞ്ഞുവരുന്ന ജീവിതത്തിലെ ചില ഏടുകൾ..

സ്പന്ദനങ്ങൾ

ഒന്നൊളിക്കണം,

മഴ പെയ്തു തോരുന്ന നേരം

ഇലകളിലൂടെ ഉതിർന്നു വീഴുന്ന

തുള്ളികൾക്കുള്ളിൽ..

ഒന്നു പാടണം,

കാറ്റിന്റെ മിടിപ്പോടു ചേർന്ന്

മരങ്ങൾ മൂളുന്ന

ചിറകുള്ള കവിതകൾ ..

ഒന്നു മിണ്ടണം,

ഹിമകണങ്ങൾ നിറഞ്ഞ

ധവളപുഷ്പങ്ങളുള്ള

ബോഗൈൻ വില്ലയോട് ..

ഈടുറപ്പ്

വേറിടുമെന്നുറപ്പിൽ
നൂൽനൂറ്റ ഇഴകൾ
ഈടുറപ്പിനെച്ചൊല്ലി
ഒരു നാളും കലഹിച്ചതില്ല
ഒരു നാളും വേർപെട്ടതുമില്ല !!

തുറന്നെഴുത്തുകൾ

എനിക്ക് സ്നേഹം വേണം..അത് പ്രകടമായി തന്നെ കിട്ടണം.. ഉള്ളിൽ സ്നേഹം ഉണ്ട്, പക്ഷേ അത് പ്രകടിപ്പിക്കാൻ ആവുന്നില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.. ശവകുടീരത്തിൽ ചെന്ന് പൂവിട്ടാൽ ഞാൻ അറിയുമോ..

ശരീരം മറന്ന് പ്രേമിക്കാൻ അറിയുന്ന ഒരാളെ അന്വേഷിക്കുകയായിരുന്നു ഞാൻ. എൻറെ ശരീരം നശിച്ച ശേഷവും എന്നെ സ്നേഹിക്കാൻ ത്രാണിയുള്ള ഒരു കാമുകൻ..

~ മാധവിക്കുട്ടി

ഭ്രാന്തായിട്ടില്ല!!

എഴുത്തുപുരയിൽ ആണിയടിച്ച് തറച്ചിട്ട വരികൾക്ക് ഭാരമേറുന്നുണ്ട്. ഒരു ചെറു കാറ്റിൽ പോലും ആടിയുലയുന്ന അക്ഷരങ്ങൾ!

പച്ചമണ്ണിൽ കെട്ടിപ്പൊക്കിയ ചുമരുകളും അശക്തമാണ്, ഇനിയും താങ്ങിനിർത്താൻ.

ചില നിമിഷങ്ങളിൽ, കണ്ണുകൾ പെയ്യാത്ത ചില നിമിഷങ്ങളിൽ മാത്രം, ഭ്രാന്തായിട്ടില്ല എന്ന് അറിയിക്കാൻ സ്വയം കണ്ണാടി നോക്കി ചിരിച്ചുറപ്പിക്കുന്നുമുണ്ട് അക്ഷരങ്ങളുടെ ആത്മാവ്!