ഈ പ്രപഞ്ചത്തിൽ കർമ്മഫലം അനുഭവിക്കുന്നതോടൊപ്പം സാഹചര്യങ്ങളുടെ ഇരകളാവാനും പലപ്പോഴും നമ്മൾ വിധിക്കപ്പെടാറുണ്ട്. സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് അനുഭവിക്കുന്നവർ ആവണം എന്നു പോലുമില്ല, അതുകൊണ്ടാണ് ഫ്രീ വിൽ അല്ലെങ്കിൽ എപ്പോഴും നമ്മുടെ ഇഷ്ടമനുസരിച്ച് ഒരു ജീവിതം എന്നത് സാധ്യമാവാതെ പോകുന്നത്. ചിലപ്പോഴെങ്കിലും കർമ്മഫലം അനുഭവിക്കാതെ പോകുന്നതും പ്രാപഞ്ചിക നീതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു പോകുന്നതും പലപ്പോഴും ഈ സാഹചര്യങ്ങളുടെ വിളയാട്ടം കാരണം തന്നെ.
കേരളവും അതുപോലെ മറ്റു പല സംസ്ഥാനങ്ങളും ഇന്ന് ഇത്തരം പ്രതികൂലസാഹചര്യങ്ങളുടെ വിളനിലം ആയിക്കൊണ്ടിരിക്കുന്നു.
60 -65 വർഷങ്ങൾ കൂടുമ്പോൾ മാത്രം വരുമെന്ന് കരുതിപ്പോന്നിരുന്ന പ്രളയം വീണ്ടും വീണ്ടും കലിതുള്ളി വരുന്നു. സൗകര്യപൂർവം കണ്ണടയ്ക്കുകയോ രാഷ്ട്രീയപരമായ താത്പര്യങ്ങൾ കൊണ്ട് മറവിക്ക് വിട്ടുകൊടുക്കുകയോ ചെയ്തോ ഗാഡ്ഗിൽ കമ്മിറ്റിയുടെ ശുപാർശകളും ഗാഡ്ഗിൽ മതക്കാരൻ എന്ന് പലരും കളിയാക്കി കൊണ്ടിരിക്കുന്ന പ്രകൃതിസ്നേഹികളുടെ പ്രവചനങ്ങളും ഇന്ന് മലയാളക്കരയുടെ ദുരന്തമുഖത്ത് തെളിഞ്ഞു കാണാം.
കാരണങ്ങൾ എന്തു തന്നെയായാലും അനുഭവിക്കുന്നതിൽ ഭൂരിഭാഗവും കാരണക്കാരൻ അല്ല എന്നുള്ളതാണ് വാസ്തവം. അനുഭവിക്കുന്നതിൽ ഭൂരിഭാഗവും പാവപ്പെട്ട മണ്ണിൻറെ മക്കളാണ്. മലയും പുഴയും കായലും മരങ്ങളും കയ്യേറിയ മുതലാളിത്ത വർഗ്ഗം അപ്പോഴും ഭദ്രമായി തന്നെ നിലകൊള്ളുന്നു.
ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, പണ്ട് വീടു നിന്നിടത്ത് കുറെ പാറക്കൂട്ടങ്ങൾ മാത്രം അവശേഷിക്കുന്നത് കാണേണ്ടി വരുന്നവർ, സാഹചര്യങ്ങളുടെ ഇരയാകേണ്ടി വന്നവർ …. ഇവർ പ്രാപഞ്ചിക നീതിയെ ചോദ്യം ചെയ്യുന്നുവെങ്കിൽ അത് ആർക്ക് തെറ്റുപറയാൻ പറ്റും? തുലനം നഷ്ടപ്പെട്ട പ്രകൃതിയുടെ പ്രക്ഷുബ്ധാവസ്ഥ സമ്മർദത്തിൽ ആക്കുന്നത് സ്വന്തം നിലനിൽപ്പിനോട് പൊരുതേണ്ടി വരുന്ന ഒട്ടനവധി മനുഷ്യമനസ്സുകളെ ആണ്. അതുകൊണ്ട് ഇനിയങ്ങോട്ടുള്ള അവരുടെ അതിജീവനത്തിനുള്ള ആഗ്രഹങ്ങൾ ഏതു ബലഹീനതയേക്കാളും ബലമുള്ളതാവട്ടെ.
