ശേഷിപ്പുകൾ

ആവർത്തനം അനുഭവത്തിന്റെ തീവ്രത കുറച്ചേക്കാം. കാലപ്പഴക്കം ഓർമ്മകളെ തേച്ചു മായ്ച്ചേക്കാം.

എന്നാൽ പിന്നെയും ചില ശേഷിപ്പുകൾ ഉണ്ട്. സമയം കൊണ്ട് അലിയിച്ചു കളയാനോ, ആവർത്തനം കൊണ്ട് പൊരുത്തപ്പെടാനോ കഴിയാത്ത ചില നൊമ്പരപാടുകൾ!!

ഒരു തലോടിനാൽ മുക്തി കൊതിക്കുന്ന ശേഷിപ്പുകൾ!!

കടമകൾ പൂർത്തിയാക്കി മടങ്ങിയിട്ടും ബാക്കിവെച്ച വാൽസല്യത്തിന്റെ കാണാച്ചരടുകൾ!!

കാലത്തിൻ്റെ കാൽപ്പാടുകൾ

പഴയ രണ്ടു ഭാഗ്യനരകൾ പെറ്റുപെരുകി പത്തിരുപത് തലമുറയോടടുത്തല്ലോ….?

പണ്ട് രണ്ട് സ്വർണ്ണ നൂലും മൂന്ന് വെള്ളി നൂലും മാത്രേ ണ്ടായിരുന്നുള്ളൂ..
ഇപ്പൊ സ്വർണ്ണം കാണാനില്ലേലും വെള്ളി നൂറുകണക്കിനുണ്ട്.. 😌

മുടി നരക്കട്ടെ,
കാലത്തിൻ്റെ കാൽപ്പാടുകൾ അത്രയെങ്കിലും വേണ്ടേ..

മൗന കാവ്യം

ഒരേ ഞെട്ടിലെ രണ്ടിലകൾ, ഒരു കഥ പറയാമോന്ന് ചോദിച്ചപ്പോ രണ്ടുപേരും ഒരേ കഥ പറഞ്ഞു

സാരമില്ല ,എല്ലാം ശരിയാവും

ജീവിതത്തിന്റെ പടവുകളിൽ ഇണയുടെ കൂട്ട് നഷ്ടപ്പെട്ടവർ,
പോയ കാലത്തിൻ ദുരനുഭവങ്ങളിൽ മനസ്സ് കുടുങ്ങി കിടക്കുന്നവർ,
അർഹതപ്പെട്ടതും വിലക്കപ്പെട്ടവർ,
വേണ്ടപ്പെട്ടവരുടെ വേർപാടിൽ മനമിടറിയവർ,
വാർദ്ധക്യസഹജമായി ഒറ്റപെട്ടവർ..

അങ്ങനെ ഒത്തിരി പേരുണ്ട് നമുക്കിടയിലും നമുക്ക് ചുറ്റിലും..

അവരെ തളർത്തുന്നത് മിക്കപ്പോഴും ശരീരത്തിന്റെ വല്ലായ്മകളാവില്ല, അതിലുപരി മാനസികമായ വ്യഥകളാവും.

(ക്ലിനിക്കൽ ഡിപ്രഷൻ എന്ന രോഗാവസ്ഥയെ കുറിച്ചല്ല പറഞ്ഞു വന്നത്. വിഷാദരോഗം മറ്റേതു അസുഖത്തെയും പോലെ അടിയന്തരമായി ചികിത്സ വേണ്ടത് തന്നെയാണ്. പക്ഷെ എല്ലാ സങ്കടങ്ങളും വിഷാദരോഗമല്ല)

ഫിസിക്കൽ അസുഖങ്ങളിൽ ലഭിക്കുന്ന കെയർ ഒന്നും പലപ്പോഴും ഇമോഷണൽ അസ്വസ്ഥകളിൽ പലർക്കും കിട്ടാറില്ല.

ഒന്ന് ചേർത്ത് പിടിച്ചാൽ മാറാവുന്ന തലവേദനയ്ക്കാവും ഡോക്ടറെ ചെന്ന് കാണാൻ പറയുന്നത്.

ഒരു കൈ താങ്ങു മാത്രം വേണ്ടിടത്താവും നൂറു കൂട്ടം ടാബ്ലറ്റ്സ് പ്രിസ്ക്രൈബ് ചെയ്യപ്പെടുന്നത്.

ഫിസിക്കലി ഉള്ള പരിരക്ഷണങ്ങളെക്കാളുപരി തുറന്നു സംസാരിക്കാനൊരാളെയാവും അന്നേരം അവർ ആഗ്രഹിക്കുന്നത്,

“സാരമില്ല ,
എല്ലാം ശരിയാവും,
ഞാനിവിടെ തന്നെയില്ലേ “


എന്ന വാക്കുകളാവും അവർ കേൾക്കാൻ കൊതിക്കുന്നത്,

സ്വാതന്ത്ര്യത്തോടെ ഇടപെടാൻ കഴിയുന്ന ഒരു കൂട്ടാവും അവർക്കു വേണ്ടത്.

നമ്മളിലോരോരുത്തരും ഓരോരോ സാഹചര്യങ്ങളിൽ ഇത്തരം അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോകുന്നുണ്ടാവും, ചിലതു മനസ്സിലാകാതെയും പോയേക്കാം.

മാനസികമായി തളർന്നവരെ തിരിച്ചറിയാനും കൂടുതൽ ഒറ്റപെടുത്തുകയെങ്കിലും ചെയ്യാതിരിക്കാനും, ഒരിത്തിരി നന്മ നമ്മളിൽ ഇപ്പോഴും ബാക്കി കിടപ്പുണ്ടാവും..തീർച്ച ..

പക്ഷെ ‘എന്നെകൊണ്ട് ഇനി ഒന്നിനും വയ്യ, ഇനിയിങ്ങനെ ഒക്കെ അങ്ങ് പോയാ മതി’

എന്നൊക്കെ പറഞ്ഞു സ്വയം സഹതപിച്ചു (രക്ഷപെടാനല്ലാതെ) ഡിപ്രഷൻ വിൽക്കാൻ മാത്രം നടക്കുന്നവരും ഈ കൂട്ടത്തിൽ കാണും.

അവർക്കു കൈത്താങ്ങാകണോ അതോ കൈ വെച്ച് ഒന്ന് താങ്ങണോ എന്നത് സന്ദർഭത്തിനു വിടുന്നു ..

നിരീശ്വരൻ – “ബ്രഹ്മ സത്യം ജഗത് മിഥ്യ”

എല്ലാം ഒരേയൊരു ഉണ്മയുടെ പ്രത്യക്ഷീകരണം ആണ് എന്ന ശങ്കര വാദത്തോട് ശാസ്ത്രീയമായി പിന്തുണ പുറപ്പെടുവിച്ച് “നിരീശ്വരനിലൂടെ” (2017 കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ authored by James Vj) റോബർട്ടോ പറയുന്ന കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ എൻറെ ബോധത്തെയും പിടിച്ചുകുലുക്കി, ഞാനീ പറഞ്ഞതിന് ഒട്ടും തന്നെ അതിശയോക്തി ഇല്ല. ‘ഈ കാണുന്നതും കേൾക്കുന്നതും ആയ ലോകം ഇന്ദ്രിയങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുള്ളതാണ്. ഇതേ ലോകത്തെ മറ്റൊരു രൂപത്തിലും ഭാവത്തിലും കാണുന്ന ജീവികൾക്ക് അതായിരിക്കും സത്യം. എല്ലാ ആപേക്ഷികതയും ഒഴിയുന്നതിനെ മാത്രമേ സത്യം എന്ന് പറയാനാവൂ. അത് ഊർജ്ജ നില മാത്രമാണ്. ഇന്ദ്രിയ ലോകത്ത് വ്യത്യസ്തമായ തോന്നിയതെല്ലാം അടിസ്ഥാന നിലയിൽ ഒരേയൊരു ഊർജ്ജം, അതുതന്നെയാണ് ശങ്കരന്റെ ബ്രഹ്മം. ഊർജ്ജം തന്നെയാണ് ബോധവും’

വേശ്യയുടെ മൂടുപടമഴിഞ്ഞ ജാനകിയുടെ നെറ്റിയിൽ ഒരു പതിഞ്ഞ മുത്തം നൽകി റോബർട്ടോ പിന്നെയും പറഞ്ഞു, “നീ വേശ്യയല്ല, പുണ്യവതിയാണ്”

ഈശ്വര വിശ്വാസത്തെ ചോദ്യം ചെയ്ത് അതിൻറെ ഉന്മൂലനം ലക്ഷ്യംവെച്ച് നിരീശ്വരനെ സ്ഥാപിക്കാൻ ഒരുമ്പെട്ട യുക്തിവാദത്തിന്റെ മാത്രം കഥ അല്ല നിരീശ്വരൻ. വിശ്വാസവും അവിശ്വാസവും അടിസ്ഥാനപരമായി ഒന്നുതന്നെയെന്ന് തിരിച്ചറിയാതെ പോയ ‘ആഭാസ’ന്മാരുടേയും (സ്വയം ആഭാസന്മാർ എന്ന വിളിപ്പേരിട്ട ആൻറണിയും ഭാസ്കരനും സഹീറും), വാരിവലിച്ച് പിന്നിൽ എവിടെയോ ഇട്ടിരിക്കുന്ന തൻറെ നഷ്ട ജീവിതത്തെക്കുറിച്ച് ഒരു മതിപ്പുകേടും ഇപ്പോൾ തോന്നാത്ത ജാനകി എന്ന വേശ്യയുടേയും, അനുമതി തേടുമ്പോൾ പോലും മേഘയുടെ വിസമ്മതം കേൾക്കാൻ കൊതിച്ച സുധ എന്ന പാവം സ്ത്രീയുടേയും, നിലനിൽപ്പിനോട് പൊരുതി തോറ്റ ഇന്ദ്രജിത്ത് എന്ന നിസ്സഹായനായ ഒരു മനുഷ്യന്റേയും, വിചാരങ്ങളുടെ റെസണൻസ് നടത്തി ഇന്ദ്രജിത്തിനെ അബോധത്തിൽ നിന്നും ഉണർത്താൻ ഒരുമ്പെട്ട റോബർട്ടോ എന്ന ശാസ്ത്രജ്ഞന്റേയും, അതീതത്തെ ഇത്തിരി ഇടങ്ങളിൽ തളച്ചിടാൻ ശ്രമിച്ച വേറെ ഒത്തിരി പേരുടെയും കഥയാണ്.

ഈ കഥയെ കുറച്ചു വാക്കുകളിലൂടെ റിവ്യൂ ചെയ്യാൻ കഴിയുന്നില്ല, അങ്ങനെ ചെയ്താൽ അത് പത്തടി മാറി നിൽക്കുകയുള്ളൂ. ശ്ലീലവും അശ്ലീലവും ഒന്ന് തന്നെ എന്ന് പറയുമ്പോഴും കൃത്യമായ അതിർവരമ്പുകളിട്ട് തൊടുത്തു വിടുന്ന പദപ്രയോഗങ്ങൾ കഥാകൃത്തിന്റെ ഭാഷാനൈപുണ്യം എടുത്തുകാട്ടുന്നു. ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സൈക്കോളജിക്കലും സയൻറിഫിക്കലു മായ ഒരുപിടി കാര്യങ്ങൾ നിറഞ്ഞതാണ് ഈ നോവൽ.

സൂക്ഷ്മങ്ങളുടെ ലോകത്ത് വിഹരിക്കുന്ന എൻറെ ചിന്താ തരംഗങ്ങളും ഈ നോവലിന്റെ ആത്മാംശത്തെ ഉൾക്കൊണ്ടു മന്ത്രിക്കുന്നു ,

‘സത്യവും മിഥ്യയും ഒന്നുതന്നെയെന്ന്,
ബോധവും അബോധവും ഒന്നുതന്നെയെന്ന്,
ശൂന്യവും നിറവും ഒന്നുതന്നെയെന്ന്,
ഭൂതവും ഭാവിയും ഒന്നുതന്നെയെന്ന്,
ശ്ലീലവും അശ്ലീലവും ഒന്നുതന്നെയെന്ന്.’

എനർജിയും മാസ്സും ബന്ധിപ്പിക്കുന്നസമവാക്യം, E=MC^2 പണ്ടു പറഞ്ഞു പഠിച്ചപ്പോഴും അത് രണ്ടും സത്യത്തിൽ ഒന്നു തന്നെയാണെന്നുള്ള വിദൂര സാധ്യത പോലും അന്ന് എൻറെ മനസ്സിൽ ഉണ്ടായിരുന്നില്ല. അന്ന് ഞാൻ പഠിച്ചു വെച്ചിരുന്ന ഐൻസ്റ്റീന്റെ ഇക്വേഷൻ വൺ എമംഗ് ദി മെനി അദർ ഇക്വേഷൻസ് മാത്രമായേ ഞാൻ കണ്ടിരുന്നുള്ളൂ. എന്നാൽ ഇന്ന് എന്താണ് ഊർജ്ജം, എന്താണ് ബോധം എന്ന് തുടങ്ങുന്ന എൻറെ ചെറിയ ചെറിയ അന്വേഷണങ്ങൾ ആ സമവാക്യത്തിൽ വന്നു മുട്ടി നിൽക്കുമ്പോൾ മാത്രമാണ് സത്യത്തിൽ അതിന്റെ വ്യാപ്തി അനിർവചനീയം ആണെന്ന് ഞാൻ തിരിച്ചറിയുന്നത്. ശങ്കരവാദം പരാമർശിച്ചുകൊണ്ട് റോബർട്ടോ സയൻറിഫികലി ഈ നോവലിൽ പറയുന്ന കാര്യങ്ങളും അത് തന്നെയാണ്.

മനസ്സടുപ്പമുള്ളവരുടെ ചിന്തകളിലെ കമ്പനവും, സ്വാഭാവികത നിലനിർത്താനുള്ള പ്രകൃതിയുടെ തുലനവും, തുടക്കവും ഒടുക്കവും ഇല്ലാത്ത ആത്മാവിൻറെ നിത്യതയും, ജീവനോടെ ഇരുന്ന് സ്വന്തം ശ്വാസനില പൂജ്യം ആക്കുന്നവന്റെ ത്രികാലജ്ഞാനവും, ഒളി മറകൾ ഇല്ലാതായവർക്കിടയിൽ തീവ്രമായി നിലനില്ക്കുന്ന സ്നേഹബന്ധവും, ബോധം രേഖീയത വെടിഞ്ഞ് സമാന്തരങ്ങളിലേക്ക് സഞ്ചരിക്കുന്ന അപൂർവ്വാവസ്ഥയും നിറഞ്ഞ ഈ നോവൽ എൻറെ സംശയങ്ങളെ ഏറെക്കുറെ ദൂരീകരിക്കുന്നു, ചിന്തകളെ ക്രോഡീകരിക്കുന്നു. പൊരുൾ ഉണർത്താൻ പ്രകൃതി പറഞ്ഞയച്ച സംവേദനങ്ങൾ (കഥാകൃത്തിന്റെ വാക്കുകൾ തൽക്കാലം ഞാൻ കടമെടുക്കട്ടെ) തന്നെയാണ് എനിക്ക് ഈ നോവലും.

അനന്തതയിലേക്ക് പരക്കുന്ന ശൂന്യാകാശത്തിൽ വിഹരിക്കാൻ ഏറെ കൊതിച്ചിരുന്ന ഞാനിന്നറിയുന്നു സൂക്ഷ്മ ങ്ങളുടെ ലോകത്ത് അഥവാ ക്വാണ്ടം വേൾഡിൽ ഉള്ളതും ഈ ശൂന്യാകാശം തന്നെയെന്ന്. എനിക്ക് എന്നും അനിശ്ചിതത്വത്തിന്റെ ലഹരി പകർന്നിട്ടുള്ള ക്വാണ്ടം വേൾഡും കോസ്മിക് വേൾഡും കോൺഷ്യസ്നെസ്സും ആഫ്റ്റർ ഡെത്ത് വേൾഡും ഒരേയൊരു സത്യത്തെ പ്രതിധ്വനിക്കുന്നത് പോലെ തോന്നുന്നു , “ബ്രഹ്മസത്യം ജഗത് മിഥ്യ” എന്ന ഏറ്റവും വലിയ സത്യം.

Big salute to the great author Vj James

ചായ കുടിച്ചോ ?

“നിങ്ങളു ഭക്ഷണം കഴിച്ചോ?”

വെച്ചുണ്ടാക്കി വിളമ്പിത്തരുന്നവരോട്, തിരിച്ച് ഇങ്ങനെ ഒന്നു ഇടയ്ക്കെങ്കിലും ചോദിക്കാറുണ്ടോ? അതിപ്പോ വീട്ടിലായാലും ഇനി ഒരു റസ്റ്റോറൻ്റിൽ ആയാലും..

ആ ചോദ്യം, കേൾക്കുന്നവരുടെ മനസ്സിലുണ്ടാക്കുന്ന പോസിറ്റിവിറ്റി ഒത്തിരി വലുതാണ്, കഴിച്ചില്ലെങ്കിൽ പോലും വയറു നിറഞ്ഞ ഫീൽ!!

തനിയാവർത്തനം

ചില കാര്യങ്ങൾ അങ്ങനാ..

ആദ്യമായി കേൾക്കുവാണേലും പണ്ടേ അറിയാമായിരുന്നു എന്ന് തോന്നും.

ചിലരെ ആദ്യമായി കാണുമ്പോഴും ചിരകാല പരിചയം അനുഭവപ്പെടും.

ചില നിമിഷങ്ങളുമുണ്ട് അങ്ങനെ,

തനിയാവർത്തനമായി ഉരുത്തിരിഞ്ഞുവരുന്ന ജീവിതത്തിലെ ചില ഏടുകൾ..

മഴക്കാറ്റ്

നീലകാശത്തിൻ

സ്വരനിസ്വരങ്ങളിൽ

വാർമുകിലു ചിന്തിയ

മാറ്റൊലികൾ !!

#മഴക്കാറ്റ്

Rain wind;

echoes shed by rain clouds in the flutters of blue sky

~ Akhila

സ്പന്ദനങ്ങൾ

ഒന്നൊളിക്കണം,

മഴ പെയ്തു തോരുന്ന നേരം

ഇലകളിലൂടെ ഉതിർന്നു വീഴുന്ന

തുള്ളികൾക്കുള്ളിൽ..

ഒന്നു പാടണം,

കാറ്റിന്റെ മിടിപ്പോടു ചേർന്ന്

മരങ്ങൾ മൂളുന്ന

ചിറകുള്ള കവിതകൾ ..

ഒന്നു മിണ്ടണം,

ഹിമകണങ്ങൾ നിറഞ്ഞ

ധവളപുഷ്പങ്ങളുള്ള

ബോഗൈൻ വില്ലയോട് ..

ഈടുറപ്പ്

വേറിടുമെന്നുറപ്പിൽ
നൂൽനൂറ്റ ഇഴകൾ
ഈടുറപ്പിനെച്ചൊല്ലി
ഒരു നാളും കലഹിച്ചതില്ല
ഒരു നാളും വേർപെട്ടതുമില്ല !!