ഒ എൻ വി ഇഷ്ടം!!

അങ്ങനെ മനസ്സിനു

ചിറകു മുളച്ചപ്പോൾ,

പിന്നെയാച്ചിറകുകൾ

പറക്കാൻ കൊതിച്ചപ്പോൾ,

ആരെയുമടിമയായി

ഭൂമിയിൽ കാണാത്തൊരു

കാലത്തിൻ തുടുമുഖം

തേടി നാം പുറപ്പെട്ടൂ.

നാമെന്നിട്ടതിന്നപ-

സ്വരങ്ങളാവുന്നുവോ?

വഴികാട്ടിയ നക്ഷ-

ത്രങ്ങളും മറഞ്ഞുവോ?

പുഴയൊന്നിരുവഴി

പിരിഞ്ഞു വീണ്ടും പലേ

ചെറു കൈവഴികളായി

മെലിഞ്ഞു, കടലിനെ-

ത്തിരഞ്ഞു വീണ്ടും കാടു-

ചുറ്റിപ്പാഴ്ശിലകളിൽ

തടഞ്ഞു തകർന്നാലും

ഓരോ നീർക്കണത്തിലും –

നിറഞ്ഞുനിൽക്കുന്നതാ

ക്കടലിൻ പാട്ടാണല്ലോ!!

~O N V

പഴി

ഉരുക്കു പോലെ ഉറപ്പുറ്റ പാറക്കൂട്ടങ്ങളായിരുന്നു !!

പക്ഷേ ഉടഞ്ഞുപോയത്രേ..

മുമ്പേ നിരന്തരം പതിച്ച ഇടിമിന്നലുകൾ കണ്ണടച്ചിരുട്ടാക്കിയപ്പോ, പഴി കേട്ടത് അവസാന ക്ഷണം വന്നു പെട്ട പൊടിയുറുമ്പുകളും ..

സമയത്തേരിലേറ്റേണ്ട ചിലത്

അപ്പോഴത്തെ തോന്നലുകളും വികാരങ്ങളും ചിലർക്ക് നേരമ്പോക്കുകൾ മാത്രമായിരിക്കും. അതൊക്കെ നേരാണെന്നോർക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ,

എന്തിനോടെങ്കിലും ഒരുപാട് ഇഷ്ടം തോന്നുന്നുവെങ്കിൽ അതിനെ കുറച്ചുനാളത്തേക്ക് സമയത്തിന് വിട്ടുകൊടുക്കുക.

ചില നിമിഷത്തെ ആഗ്രഹങ്ങളെ സമയത്തേരിലേറ്റി വിടുക.

അപ്പോ അറിയാം അത് നിലനിൽക്കുന്നതാണോ അല്ലയോ എന്ന്…

മൃത്യു

മൃത്യുവിന്നു മാത്രമറിയാവുന്ന രഹസ്യമാർക്കും പകരാതെയോരോ ദേഹവും ദേഹിയെ പിരിഞ്ഞിടുന്നൂ കാലം പിന്നെയും ബാക്കിവെച്ചവരോ രോന്നെണ്ണിപ്പെറുക്കിയീ തീരാനോവിൻ കയത്തില് പിടിവള്ളിയില്ലാതുഴറിടുന്നൂ

മൃത്യു

ബന്ധങ്ങൾ വെറുതെ അനുവദിച്ചു കിട്ടുന്നതല്ല

“എൻ്റെ ജല്പനങ്ങൾ കടങ്കഥകളായ് തോന്നിയോ നിനക്ക്? നിനക്ക് മാത്രം അറിയാവുന്ന ഭാഷയിൽ ഞാൻ കോറിയിട്ട ഇടങ്ങളിലെല്ലാം നമ്മളുണ്ടായിരുന്നതല്ലേ.. എന്നാ, നിനക്കുവേണ്ടി കുറിച്ചുവെച്ച ഇടങ്ങളിൽ ഒന്നും നീ എന്നെ കണ്ടില്ല, തിരഞ്ഞില്ല. അറിഞ്ഞു നീ മറന്നു വെച്ച ഇടങ്ങളിലെല്ലാം ഞാൻ ഉണ്ടായിരുന്നതല്ലേ..”

ചിലരങ്ങനെയാ, കൂടെയുള്ളവരെ പലപ്പോഴും ടേക്കൺ ഫോർ ഗ്രാൻഡഡ് ആയെടുക്കും. അവരെത്ര ചേർത്ത് പിടിച്ചാലും അവരുടെ മൂല്യം അന്നേരങ്ങളിൽ തിരിച്ചറിയില്ല. പിന്നീട് എന്നെങ്കിലും അതറിഞ്ഞു ചെല്ലുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കും.

നെഞ്ചോട് ചേർത്തപ്പോഴൊക്കെ വിസ്മരിക്കപ്പെട്ടതല്ലേ അവർ, പിന്നെ കാലങ്ങൾക്കിപ്പുറം അവരുടെ നെഞ്ചോട് ചേരാൻ ചെല്ലുമ്പോൾ, കൂടെ ചേരാൻ അവർ പാടുപെടുന്നെങ്കിൽ അത്ഭുതം എന്തിന് !!

ബന്ധങ്ങൾ വെറുതെ അനുവദിച്ചു കിട്ടുന്നതല്ല. സമയമുണ്ടല്ലോ പിന്നീടാവാം എന്ന് കരുതി മാറ്റിവയ്ക്കുന്ന അവസരങ്ങളൊന്നും പിന്നീട് തിരിച്ചു വരണമെന്നില്ല. മറ്റു പലയിടത്തും സ്നേഹം അന്വേഷിച്ച് തിരക്കിട്ട പണിയിലാവുമ്പോൾ തൊട്ടുമുന്നിലുള്ള സ്നേഹ സ്വരങ്ങൾ കേൾക്കാതെ പോകും, കൈവിട്ടു പോകുമ്പോൾ മാത്രമേ അത് തിരിച്ചറിയൂ..

എൻ്റെ സ്നേഹം എന്നും നിൻറെ കൂടെ ഉണ്ടാവും, പക്ഷെ എന്നും ഞാൻ ഉണ്ടാകണമെന്നില്ല.

നീയെന്നെ തേടി വരുമ്പോഴേക്കും തീർത്തും ജീവനില്ലാത്ത ശരീരമായോ അല്ലെങ്കിൽ ജീവനുള്ള മൃതശരീരമായോ തീർന്നിട്ടുണ്ടാവും ഞാൻ!!

കാത്തിരിക്കാത്തവർക്കായി സർവ്വം ഉഴിഞ്ഞു വെയ്ക്കും, കാത്തിരിക്കുന്നവരെ കണ്ടില്ലെന്നും വെയ്ക്കും, അതിൻറെ പേരാണത്രേ ജീവിതം!!

എൻ്റെ ശരികൾ

എനിക്ക് കുറ്റബോധമോ ഭീതിയോ ജാള്യതയോ ഇല്ല. കാരണം ആരോടും തർക്കിക്കാൻ ഞാനില്ല, എൻറെ ശരികൾ എനിക്ക് സംതൃപ്തി തരുന്നു. അത് ആരെയും ബോധ്യപ്പെടുത്താനും ഞാനില്ല. എൻറെ നിയന്ത്രണം എൻറെതു മാത്രമായിരിക്കട്ടെ..

“ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ട് ഉണ്ട് അതിനെ സംഭവിക്കാൻ അനുഭവിക്കുമ്പോഴേ  ജീവിതം എന്ന മഹാത്ഭുതത്തെ ശരിക്കും മനസ്സിലാകൂ” – ( By the river Piedra I sat down and wept)

ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഇതു തന്നെയാകാം,  എന്തും എപ്പോഴും സംഭവിക്കാം.

വിധിയിൽ വിശ്വസിക്കുന്നവർക്ക്  സംഭവിച്ചതെല്ലാം വിധിയെന്ന് കരുതി സമാധാനിക്കാം.. അല്ലാത്തവരോ?

വിസ്മയം തീർക്കുന്ന ആകസ്മികതകൾ

വിസ്മയം തീർക്കുന്ന ആകസ്മികതകൾ മനസ്സിൽ തിരകൾ നിറക്കുമ്പോഴും അത് തുളുമ്പാതെ ഇരിക്കാൻ പാടുപെടുന്ന നിഗൂഢമായ നിമിഷങ്ങൾ അനുഭവിച്ചിട്ടുണ്ടോ ??

“അന്നൊരിക്കൽ ഒരു വെള്ളിനക്ഷത്രം എൻറെ വഴി വന്നപ്പോൾ ഒട്ടും പരിഭ്രമം തോന്നിയില്ല. ഇത്ര നാളും ഇങ്ങു വരാതിരുന്നതെന്തേ, എന്നാണ് ചോദിക്കാൻ തോന്നിയത്. എന്നാൽ ഒന്നും ചോദിക്കാതെയും ആ വിൺ താരകം പലതിനും മറുമൊഴി നൽകി കൊണ്ടിരുന്നപ്പോൾ ആദ്യം അമ്പരപ്പായിരുന്നു. ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്, ഈ ആകസ്മികതകളുടെ വിളയാട്ടം!!”

എങ്കിലും,

പടികയറി വരുന്ന ആകസ്മികതകൾ പതിവാകുമ്പോൾ ആശ്ചര്യമെന്തിന്..!

കൗതുകമോ വിഭ്രമമോ ആയിരുന്നില്ല, ആകസ്മികമായി ഒരേ തലത്തിൽ ചിന്തകൾ കൂട്ടിമുട്ടുന്നത് കണ്ടപ്പോൾ ഉള്ള അത്ഭുതമായിരുന്നു ആദ്യം. പിന്നെ പിന്നെ അത് നിത്യം ആയപ്പോൾ അത്ഭുതം ഒരു ആത്മബന്ധത്തിന് വഴിമാറിക്കൊടുത്തു. ആ സ്നേഹം അത്രമേൽ നിശബ്ദവും വിശുദ്ധവും ആയിരുന്നു. സ്നേഹത്തിൻറെ ഒരു പരിണാമ നാമങ്ങളിലും അത് ചെന്ന് പെടാതിരിക്കട്ടെ..

കൺപീലി

കാറ്റൊന്നാഞ്ഞടിച്ച നേരം

മിഴിയൊന്നു ചിമ്മിയടച്ച നേരം

കണ്ണാഴങ്ങളിലേക്കൊരാൾ

പാഞ്ഞുചെന്നു

കണ്ണു

തിരുമ്മി,

കണ്ണു കലങ്ങീ,

പിന്നെ, കൈയ്യോടെ പൊക്കി

വെളിയിലാക്കി

കുറ്റബോധം

തെറ്റ് ചെയ്തില്ലെന്നുറപ്പുണ്ടെന്നാകിലും

കുറ്റപ്പെടുത്തിയൊറ്റപ്പെടുത്തി

കുറ്റബോധം ജനിപ്പിച്ച്

സമാധാനം

കളയാൻ സ്വമനസ്സൊരെണ്ണം മതിയല്ലോ

ആണെന്നോ പെണ്ണെന്നോ വേർതിരിവെന്തിനാ..?

കുറെ നാൾ മുന്നേ ഒരു സ്കാനിംഗ് സെൻററിൽ കരിമഷി എഴുതിയ രണ്ട് വിടർന്ന മിഴികൾ ഉള്ള ഒരു റിസപ്ഷനിസ്റ്റിനെ കണ്ടിരുന്നു. “കണ്ണു കാണാൻ നല്ല ഭംഗീ ണ്ട്” ന്ന് അവരോട് പറയണം ന്നു തോന്നി, പറയുകയും ചെയ്തു. അത് കേട്ട് അവർ സന്തോഷത്തോടെ ഉറക്കെ ചിരിച്ചു, എന്നിട്ട് കുറച്ചപ്പുറത്തിരുന്ന സുഹൃത്തിനോടും അവരത് പങ്കുവെച്ചു.

അവരുടെ ചിരി കണ്ടപ്പോൾ എൻറെ കണ്ണും തെല്ലൊന്നു വിടർന്നു. വിടർന്ന കണ്ണിനോട് ഞാനും പതുക്കെ പറഞ്ഞൊന്ന് പുകഴ്ത്തി ‘നീയും മോശമല്ലെന്ന്’. ഇനി കാര്യത്തിലേക്ക് വരാം, എൻറെ ഒരു ഫ്രണ്ടിനോട് ഈ മാറ്റർ പറഞ്ഞപ്പോൾ അവൻ എൻറെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.

എൻ്റെ സ്ഥാനത്ത്, അവനായിരുന്നു തീർത്തും അപരിചിതയായ ആ റിസപ്ഷനിസ്റ്റിനെ ഇങ്ങനെ പ്രശംസിച്ചിരുന്നതെങ്കിൽ സ്വാഭാവികമായും അവർ ഇത്രയും ഉച്ചത്തിൽ ചിരിക്കില്ലായിരിക്കും” എന്ന്.

ശരിയാണത്, കാരണം ഫ്ലേർട്ടിംഗ് ആണെന്നേ നാച്വറൽ ഇൻസ്റ്റിൻക്ടിൽ ആർക്കും തോന്നുള്ളൂ. അങ്ങനെയല്ലാത്തവരും ഏറെയുണ്ടാകാം, എങ്കിലും മറിച്ചൊന്നു ചിന്തിക്കാൻ പറ്റാത്ത വിധം സോഷ്യൽ കണ്ടീഷനിങ് വിധേയരാണ് നമ്മളിലോരോരുത്തരും. അങ്ങനെ നമ്മുടെ ചിന്തകളെ ജനറലൈസ് ചെയ്യിപ്പിച്ചത് സ്വാഭാവികമായും കുറെ പേരുടെ ‘കോഴിത്തരം’ തന്നെയാവും എന്നുള്ളതും വസ്തുത തന്നെ.

പരിചയമില്ലാഞ്ഞിട്ടു കൂടി ആ റിസപ്ഷനിസ്റ്റിനോട് അങ്ങോട്ട് കേറി ഭംഗി ഉണ്ടെന്ന് പറയാൻ തോന്നിയത് ഞാനും ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാവാം. ഞാൻ ഒരു ആണായിരുന്നെങ്കിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കോമൺ ഭയത്താൽ ഒരിക്കലും നേരെ പോയി അങ്ങനെ പറയില്ലായിരിക്കാം. (ചിലപ്പോ പറഞ്ഞു എന്നും വരാം, കാരണം ഫ്ലേർട്ടിംഗ് അല്ലല്ലോ ഞാൻ ഉദ്ദേശിച്ചത്)

സെയിം ജെൻഡർ ആണ് അങ്ങനെ പറയുന്നത് എങ്കിൽ ഫ്ലേർട്ടിങ് ആണെന്ന് കരുതില്ല, എങ്കിൽ പിന്നെ ഓപ്പോസിറ്റ് ജെൻഡർ ആണെങ്കിൽ എന്താ.. എന്തിനാ അവിടെ എല്ലായിപ്പോഴും ഫ്ലേർട്ടിംഗ് ഫ്ലേവർ മാത്രം കൽപ്പിച്ചു കൊടുക്കണം, എന്തുകൊണ്ടതിനെ കാഷ്വലി എടുത്തു കൂടാ..

ഇതേ സിറ്റ്വേഷൻ ഒന്ന് തിരിച്ചു വെച്ചാലും അവസ്ഥ ഇതുതന്നെ. അതായത് ഒരു സ്ത്രീ ചെന്ന് മെയിൽ റിസപ്ഷനിസ്റ്റിനോട് ഭംഗി ഉണ്ടെന്ന് പറഞ്ഞാൽ വ്യാഖ്യാനങ്ങൾ ചിലപ്പോൾ പ്രതീക്ഷിക്കാത്ത തലങ്ങളിൽ വരെ എത്താം. (പെണ്ണ് പിഴ ആണെന്നു വരെ.) അത്രയ്ക്കുണ്ട് നമ്മളിലോരോരുത്തരിലും മുൻവിധികൾ.

പറഞ്ഞുവന്നത് എന്താണെന്നുവച്ചാൽ,

നിസ്വാർത്ഥമായ സ്നേഹത്തിനു മുമ്പിലും നിഷ്കളങ്കമായ, ജെന്യൂൻ ആയ അഭിപ്രായങ്ങൾക്ക് മുമ്പിലും ആണെന്നോ പെണ്ണെന്നോ ഉള്ള വേർതിരിവ് മനസ്സിൽ കുത്തിവെക്കാതിരിക്കണം

സ്നേഹം തോന്നുമ്പോൾ ജെൻഡർ ബയാസ് ഇല്ലാതെ, ആൺ-പെൺ വേർതിരിവില്ലാതെ, പ്രകടിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ആരുടെ ദൗർഭാഗ്യം ആണ് ,
സ്നേഹിക്കുന്നവരുടെയോ ? സ്നേഹിക്കപ്പെടുന്നവരുടെയോ ?

സോഷ്യലി കണ്ടീഷൻഡ് മൈൻഡ് ഒന്ന് മാറ്റി വെച്ച് മുൻവിധികളില്ലാതെ ഈ സമൂഹത്തെ കാണാൻ ശ്രമിക്കാം, പ്രകടിപ്പിക്കേണ്ടത് അതാത് സമയത്ത് ഹെൽത്തി ആയി തന്നെ പ്രകടിപ്പിച്ചു കൊണ്ട്.

“ശവകുടീരത്തിൽ ചെന്ന് പൂവിട്ടാൽ ഞാൻ അറിയുമോ” ~ മാധവിക്കുട്ടി