ലേയ്ക്ക – യാദൃശ്ചികമായ് എന്‍റെ വഴിയില്‍ വന്ന നിമിത്തം

‘ലേയ്ക്കയെ തിരിച്ചു വിളിക്കാനുള്ള സാങ്കേതിക വിദ്യ അന്നുണ്ടായിരുന്നെങ്കില്‍…’ മനുഷ്യന്‍റെ ബഹിരാകാശ യാത്രയ്ക്കുള്ള ചവിട്ടുപടിയൊരുക്കി ശൂന്യതയില്‍ നിത്യവിശ്രമംകൊള്ളുന്ന ലേയ്ക്കയെന്ന മിണ്ടാപ്രാണിയോട് തോന്നാവുന്ന അനുകമ്പക്കപ്പുറം ആ തോന്നലിനെ വളരാന്‍ ഞാന്‍ അനുവദിച്ചില്ലായിരുന്നു കുറച്ചു മാസങ്ങള്‍ക്ക് മുമ്പു വരെ.

‘മയക്കത്തിലൂടെ ഒരു സുഖ മരണം’, അതു ആ പട്ടി അറിഞ്ഞുപോലുമില്ലെങ്കില്‍ പിന്നെ ഞാനെന്തിനു വിഷമിക്കണം എന്ന ന്യായീകരണവും ചാര്‍ത്തിക്കൊടുത്തു എന്‍റെ ആ തോന്നലിനു അകമ്പടിയായി. എന്നിട്ടും യാദൃശ്ചികമായ് സയന്‍സ് മാഗസിനുകളിലോ മറ്റേതെങ്കിലും മീഡിയകളിലോ അതിന്‍റെ പേര് കേള്‍ക്കുമ്പോള്‍ നായീകരണമില്ലാത്ത ഒരു വിള്ളല്‍ മനസ്സില്‍ വീഴുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നിട്ടുപോലും ഈ ഇന്‍റര്‍നെറ്റ് യുഗത്തില്‍ ആ നാമം ഞാന്‍ ഗൂഗിള്‍ ചെയ്തു നോക്കിയില്ല. നോക്കിയിരുന്നെങ്കില്‍ വി ജെ ജെയിംസ് എന്ന ബഹിരാകാശശാസ്ത്രഞ്ജന്‍റെ ‘ലേയ്ക്ക’ വായിക്കാന്‍ ഞാന്‍ ഇത്രയേറെ വര്‍ഷങ്ങള്‍ വൈകില്ലായിരുന്നു. (വായിച്ചിട്ടും ഇങ്ങനെ ഒരു ആസ്വാദനം എഴുതി മുഴുമിപ്പിക്കാന്‍ പിന്നേയും മാസങ്ങള്‍ എടുത്തു, എത്ര എഴുതിയിട്ടും വാക്കുകള്‍ക്ക് അപര്യാപ്തത തോന്നിയതിനാല്‍.)

പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നും അറിയണ്ടായിരുന്നെന്നും ഇടക്കൊക്കെ തോന്നിപ്പോവുന്നു (‘ഡെനിസോവിച്ചുമായുള്ള കൂടികാഴ്ച്ച നടക്കാതിരുന്നെങ്കില്‍’ അങ്ങിനെ ചിലപ്പോഴെങ്കിലും ആശിച്ചുപോയിരുന്നെന്നു കഥാകൃത്ത് ബുക്കില്‍ പറയുന്നപോലെ). കാരണം ലെയ്ക്കയ്ക്ക് ഒരിക്കലും സുഖമരണം ആയിരുന്നില്ല എന്ന അറിവ് തന്നെ. ഇന്‍സുലേഷന്‍ സംവിധാനത്തിലുള്ള കേടുപാടുകള്‍ നിമിത്തം ലെയ്ക്കയുടെ കാനിസ്റ്ററിനുള്ളിലെ താപവും ഹ്യുമിഡിറ്റിയും അസഹ്യമാം വിധം പെരുകി അവള്‍ പരിഭ്രാന്തയായ് വെന്തു മരിക്കയാണുണ്ടായത്.

“കുതറാനും ഓടി രക്ഷപ്പെടാനും സമ്മതിക്കാത്ത തന്‍റെ ബന്ധനത്തില്‍ നിന്നും മുക്തയാവാന്‍ അവള്‍ കഠിനമായ്‌ ശ്രമിച്ചു. ആകാശ ശൂന്യതയിലിരുന്നു ഭീതിയോടെയും വേദനയോടെയും അവള്‍ ഭൂമിക്കു നേരെ കുരച്ചുകൊണ്ടിരുന്നു. ഏതാനും സമയം കഴിഞ്ഞപ്പോള്‍ മൂന്നാം ഭ്രമണത്തിനു ശേഷം കുരച്ചതും ഹൃദയം മിടിച്ചതുമുള്‍പ്പെടെ ലെയ്ക്കയെ സംബന്ധിച്ച സിഗ്നലുകള്‍ പൂര്‍ണ്ണമായും നിലച്ചു.” കഥാകൃത്തിന്‍റെ വാക്കുകള്‍ ആ മരണത്തിന്‍റെ ഭീകരതയെ കൃത്യമായ് വരച്ചുകാട്ടുന്നു.

‘ലെയ്ക്കയും ലെയ്ക്കയോട് താദാത്മ്യപ്പെട്ട പ്രിയങ്ക (ഡെനിസോവിച്ചിന്‍റെ പ്രിയപുത്രി) എന്ന നാലുവയസ്സുകാരിയും ഒരു പക്ഷെ ഇന്നും ശൂനാകാശത്ത് ഉണ്ടാകുമോ..’ രാത്രിയുടെ അകാശ വിസ്മയങ്ങളില്‍ കണ്ണുംനട്ട് ഇരിക്കുമ്പോള്‍ ഒരുവേള ഞാനറിയാതെ അവരും എന്‍റെ ദൃഷ്ടിപഥത്തിലൂടെ കടന്നുപോകുന്നുണ്ടാവാം..

ഹൃദയം ഹൃദയത്തോട് സംവേദിച്ച രഹസ്യം ശൂന്യമായ കളത്തില്‍ കുറിച്ചിട്ട കഥാകൃത്തിന്‍റെ കല്‍പ്പനാചാതുര്യവും അതിനുമപ്പുറത്തേക്ക് സൂക്ഷ്മമായ നിമിത്തങ്ങളെ പോലും തിരിച്ചറിയാനുള്ള നിപുണതയും ശൂന്യാകാശത്തെ എന്തിനെന്നില്ലാതെ എന്നും പ്രണയിച്ച എന്‍റെ ചിന്താ തരംഗങ്ങള്‍ക്ക് ഒരു പുതിയ വെളിച്ചം തരുന്നു. പല രാത്രികളിലും  എന്‍റെ  സ്വപ്നത്തില്‍ വരുന്ന ശൂന്യതയിലെ നിറവു എന്താണെന്ന് ഇപ്പോള്‍ ഏറെക്കുറെ ഞാന്‍ അറിയുന്നു.

ഫെര്‍മിയോണ്‍സും ബോസോണ്‍സും പിന്നെ അന്തര്‍ലീനമായ സത്യങ്ങള്‍ നിരവധിയും ചേര്‍ന്ന ഈ പ്രപഞ്ചത്തിന്‍റെ അടിത്തട്ടില്‍ നിതാന്തമായ ശൂന്യതയുണ്ട്. അവിടെ ലെയ്ക്കയും പ്രിയങ്കയും ഇന്നും നിറഞ്ഞു നില്‍ക്കുന്നുണ്ടാവും, ശൂന്യതയിലെ നിറവായി..