ലേയ്ക്ക – യാദൃശ്ചികമായ് എന്‍റെ വഴിയില്‍ വന്ന നിമിത്തം

‘ലേയ്ക്കയെ തിരിച്ചു വിളിക്കാനുള്ള സാങ്കേതിക വിദ്യ അന്നുണ്ടായിരുന്നെങ്കില്‍…’ മനുഷ്യന്‍റെ ബഹിരാകാശ യാത്രയ്ക്കുള്ള ചവിട്ടുപടിയൊരുക്കി ശൂന്യതയില്‍ നിത്യവിശ്രമംകൊള്ളുന്ന ലേയ്ക്കയെന്ന മിണ്ടാപ്രാണിയോട് തോന്നാവുന്ന അനുകമ്പക്കപ്പുറം ആ തോന്നലിനെ വളരാന്‍ ഞാന്‍ അനുവദിച്ചില്ലായിരുന്നു കുറച്ചു മാസങ്ങള്‍ക്ക് മുമ്പു വരെ.

‘മയക്കത്തിലൂടെ ഒരു സുഖ മരണം’, അതു ആ പട്ടി അറിഞ്ഞുപോലുമില്ലെങ്കില്‍ പിന്നെ ഞാനെന്തിനു വിഷമിക്കണം എന്ന ന്യായീകരണവും ചാര്‍ത്തിക്കൊടുത്തു എന്‍റെ ആ തോന്നലിനു അകമ്പടിയായി. എന്നിട്ടും യാദൃശ്ചികമായ് സയന്‍സ് മാഗസിനുകളിലോ മറ്റേതെങ്കിലും മീഡിയകളിലോ അതിന്‍റെ പേര് കേള്‍ക്കുമ്പോള്‍ നായീകരണമില്ലാത്ത ഒരു വിള്ളല്‍ മനസ്സില്‍ വീഴുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നിട്ടുപോലും ഈ ഇന്‍റര്‍നെറ്റ് യുഗത്തില്‍ ആ നാമം ഞാന്‍ ഗൂഗിള്‍ ചെയ്തു നോക്കിയില്ല. നോക്കിയിരുന്നെങ്കില്‍ വി ജെ ജെയിംസ് എന്ന ബഹിരാകാശശാസ്ത്രഞ്ജന്‍റെ ‘ലേയ്ക്ക’ വായിക്കാന്‍ ഞാന്‍ ഇത്രയേറെ വര്‍ഷങ്ങള്‍ വൈകില്ലായിരുന്നു. (വായിച്ചിട്ടും ഇങ്ങനെ ഒരു ആസ്വാദനം എഴുതി മുഴുമിപ്പിക്കാന്‍ പിന്നേയും മാസങ്ങള്‍ എടുത്തു, എത്ര എഴുതിയിട്ടും വാക്കുകള്‍ക്ക് അപര്യാപ്തത തോന്നിയതിനാല്‍.)

പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നും അറിയണ്ടായിരുന്നെന്നും ഇടക്കൊക്കെ തോന്നിപ്പോവുന്നു (‘ഡെനിസോവിച്ചുമായുള്ള കൂടികാഴ്ച്ച നടക്കാതിരുന്നെങ്കില്‍’ അങ്ങിനെ ചിലപ്പോഴെങ്കിലും ആശിച്ചുപോയിരുന്നെന്നു കഥാകൃത്ത് ബുക്കില്‍ പറയുന്നപോലെ). കാരണം ലെയ്ക്കയ്ക്ക് ഒരിക്കലും സുഖമരണം ആയിരുന്നില്ല എന്ന അറിവ് തന്നെ. ഇന്‍സുലേഷന്‍ സംവിധാനത്തിലുള്ള കേടുപാടുകള്‍ നിമിത്തം ലെയ്ക്കയുടെ കാനിസ്റ്ററിനുള്ളിലെ താപവും ഹ്യുമിഡിറ്റിയും അസഹ്യമാം വിധം പെരുകി അവള്‍ പരിഭ്രാന്തയായ് വെന്തു മരിക്കയാണുണ്ടായത്.

“കുതറാനും ഓടി രക്ഷപ്പെടാനും സമ്മതിക്കാത്ത തന്‍റെ ബന്ധനത്തില്‍ നിന്നും മുക്തയാവാന്‍ അവള്‍ കഠിനമായ്‌ ശ്രമിച്ചു. ആകാശ ശൂന്യതയിലിരുന്നു ഭീതിയോടെയും വേദനയോടെയും അവള്‍ ഭൂമിക്കു നേരെ കുരച്ചുകൊണ്ടിരുന്നു. ഏതാനും സമയം കഴിഞ്ഞപ്പോള്‍ മൂന്നാം ഭ്രമണത്തിനു ശേഷം കുരച്ചതും ഹൃദയം മിടിച്ചതുമുള്‍പ്പെടെ ലെയ്ക്കയെ സംബന്ധിച്ച സിഗ്നലുകള്‍ പൂര്‍ണ്ണമായും നിലച്ചു.” കഥാകൃത്തിന്‍റെ വാക്കുകള്‍ ആ മരണത്തിന്‍റെ ഭീകരതയെ കൃത്യമായ് വരച്ചുകാട്ടുന്നു.

‘ലെയ്ക്കയും ലെയ്ക്കയോട് താദാത്മ്യപ്പെട്ട പ്രിയങ്ക (ഡെനിസോവിച്ചിന്‍റെ പ്രിയപുത്രി) എന്ന നാലുവയസ്സുകാരിയും ഒരു പക്ഷെ ഇന്നും ശൂനാകാശത്ത് ഉണ്ടാകുമോ..’ രാത്രിയുടെ അകാശ വിസ്മയങ്ങളില്‍ കണ്ണുംനട്ട് ഇരിക്കുമ്പോള്‍ ഒരുവേള ഞാനറിയാതെ അവരും എന്‍റെ ദൃഷ്ടിപഥത്തിലൂടെ കടന്നുപോകുന്നുണ്ടാവാം..

ഹൃദയം ഹൃദയത്തോട് സംവേദിച്ച രഹസ്യം ശൂന്യമായ കളത്തില്‍ കുറിച്ചിട്ട കഥാകൃത്തിന്‍റെ കല്‍പ്പനാചാതുര്യവും അതിനുമപ്പുറത്തേക്ക് സൂക്ഷ്മമായ നിമിത്തങ്ങളെ പോലും തിരിച്ചറിയാനുള്ള നിപുണതയും ശൂന്യാകാശത്തെ എന്തിനെന്നില്ലാതെ എന്നും പ്രണയിച്ച എന്‍റെ ചിന്താ തരംഗങ്ങള്‍ക്ക് ഒരു പുതിയ വെളിച്ചം തരുന്നു. പല രാത്രികളിലും  എന്‍റെ  സ്വപ്നത്തില്‍ വരുന്ന ശൂന്യതയിലെ നിറവു എന്താണെന്ന് ഇപ്പോള്‍ ഏറെക്കുറെ ഞാന്‍ അറിയുന്നു.

ഫെര്‍മിയോണ്‍സും ബോസോണ്‍സും പിന്നെ അന്തര്‍ലീനമായ സത്യങ്ങള്‍ നിരവധിയും ചേര്‍ന്ന ഈ പ്രപഞ്ചത്തിന്‍റെ അടിത്തട്ടില്‍ നിതാന്തമായ ശൂന്യതയുണ്ട്. അവിടെ ലെയ്ക്കയും പ്രിയങ്കയും ഇന്നും നിറഞ്ഞു നില്‍ക്കുന്നുണ്ടാവും, ശൂന്യതയിലെ നിറവായി..

ചന്ദ്രയാന്‍ – anti poor അല്ല

സ്വന്തം വീട്ടിലെ ദാരിദ്ര്യം മാറ്റാതെ ആണോ ചന്ദ്രനില്‍..? എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്:

ഇന്‍റര്‍ പ്ലാനിട്ടറി മിഷനുകളേയും ദാരിദ്യ നിര്‍മ്മര്‍ജ്ജനത്തെയും രണ്ടായി കാണുന്നതു കൊണ്ടാണ് ഇത്തരം എക്സ്പിഡിഷനുകള്‍ക്കെല്ലാം anti-poor എന്ന ലാബല്‍ ചാര്‍ത്തപ്പെടുന്നത്. മറ്റു രാജ്യങ്ങളോട് കിട പിടിച്ചു നില്‍ക്കാന്‍ മാത്രമാണ് ഇത്തരം പര്യവേക്ഷണങ്ങള്‍ എന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്നം. ആത്യന്തമായുള്ള വികസനം തന്നെയാണ്‌ ഏതൊരു ശാസ്ത്രനീക്കങ്ങളും ലക്ഷ്യമിടുന്നത്. അതു ഒന്നോ രണ്ടോ ദിവസം കൊണ്ടു നടപ്പാകുന്നതല്ല. അതുകൊണ്ട് തന്നെ ഒരു short term കാലയളവില്‍ നിന്നുകൊണ്ട് ഒരു താരതമ്യം നടത്തി anti-poor എന്ന ലാബല്‍ ചാര്‍ത്തിക്കൊടുക്കുന്നത് ശുദ്ധ വങ്കത്തരം ആണ്.

ഇന്ത്യ പോലൊരു രാജ്യത്തു നമ്മള്‍ ഏറ്റവും കൂടുതല്‍ taken for granted ആയി എടുക്കുന്ന ഒന്നുണ്ട്. അതു സ്വന്തം ജീവന്‍റെ സുരക്ഷ തന്നെയാണ്‌. അതു കഴിഞ്ഞല്ലേ മറ്റെന്തും ഉള്ളൂ. ഏതു  നിമിഷവും ഭീകരവാദികളുടെ തോക്കിന്‍മുനയില്‍ നില്‍ക്കേണ്ടി വരുമെന്നോ വിദേശ ശക്തികള്‍  ആക്രമിച്ചേക്കാമെന്നോ വര്‍ഷങ്ങളോളം സംഘര്‍ഷങ്ങള്‍ തുടര്‍ന്നേക്കാമെന്നോ നമ്മളാരും വെറുതെ പോലും ചിന്തിക്കുന്നില്ലല്ലോ.. Indirect ആയി നമ്മളിലുള്ള സുരക്ഷബോധം ആണത്. അതിനു തക്ക പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഉള്ളതുകൊണ്ടാണ് യുദ്ധഭൂമിയാവാതെ ഇവിടം നിലനില്‍ക്കുന്നത്. ബഹിരാകാശഗവേഷണരംഗത്തെ മുന്നേറ്റങ്ങളില്ലായിരുന്നെങ്കില്‍ ഉറപ്പായും സ്ഥിതി മറ്റൊന്നായേനെ.

‘വരും, വരാതിരിക്കില്ല’ എന്ന പദപ്രയോഗം സ്ഥാനത്തും ആസ്ഥാനത്തും  എടുത്തിടുമ്പോഴും, അത്തരം കാലാവസ്ഥ പ്രവചനങ്ങള്‍ എത്ര ദുരന്തങ്ങളെ ഒഴിവാക്കി തരുന്നുണ്ടെന്നു പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാറില്ല. അങ്ങിനെ ഇസ്രോയുടെ മുന്നേറ്റങ്ങള്‍ അറിയാന്‍ വെറും ഒരു ഗൂഗിള്‍ ക്ലിക്ക് മതി- remote sensing, tele medicine, tele education, GPS, internet, weather forecasting, disasters predictions, satellite launching  – അങ്ങനെ നിരവധി.. അതൊന്നും ഒരു പക്ഷെ സാമാന്യബോധത്തിനു പ്രത്യക്ഷത്തില്‍ വ്യക്തമാകണമെന്നില്ല. സാങ്കേതിക മുന്നേറ്റങ്ങളുടെ മൂല്യം ചെലവുകളുടെ അടിസ്ഥാനത്തില്‍ മാത്രം അളക്കപ്പെടാവുന്നതുമല്ല.

പിന്നെ 0.06% of GDP ആണ് ഇന്ത്യയുടെ സ്പേസ് ബജറ്റ് 2018-2019 ല്‍. അതുവെച്ചു എന്ത് ദാരിദ്യമാണ് സത്യത്തില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനൊക്കുക? അല്ലെങ്കിലും സര്‍വ്വോപരി കുറച്ചു പണം കൊണ്ടു മാത്രം കാലാകാലം തൂത്തു മാറ്റാനാവില്ലല്ലോ ഒന്നും? അതിനു തക്കതായ ശാസ്ത്രമുന്നേട്ടങ്ങളും രാജ്യത്തുണ്ടാകെണ്ടേ. ഒന്നിനു പകരം മറ്റൊന്ന് എന്നല്ല, രണ്ടു ഒരു പോലെ മുന്നോട്ടു പോകണം.

ചന്ദ്രയാന്‍2 പര്യവേക്ഷണം പലരീതിയിലും മികവുറ്റത് തന്നെയാണ്‌, Avengers: Endgame സിനിമയുടെ ബജറ്റ് വെച്ചു നോക്കിയാല്‍ നമുക്ക് രണ്ടു ചാന്ദ്രപര്യവേക്ഷണം നടത്താനുള്ള ബജറ്റ് ഉണ്ടത്രേ.

ഈ പ്രപഞ്ചത്തിന്‍റെയും ജീവന്‍റെയും കുറിച്ചുള്ള അന്വേഷണങ്ങളെ, മറ്റു പല സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും ബെറ്റര്‍ ലിവിംഗ് തരുന്ന കണ്ടുപിടുത്തങ്ങളെ, സര്‍വ്വോപരി യുദ്ധഭൂമിയാവാതെ ഇവിടം കാത്തുപോവുന്ന പ്രതിരോധമാര്‍ങ്ങളെ പിന്തള്ളുന്ന മുന്‍വിധിക്കരാവാതിരിക്കാം.

A few points taken from my post നമുക്കും ബഹിരാകാശത്തൊരു സ്വന്തം വീട്