ഒ എൻ വി ഇഷ്ടം!!

അങ്ങനെ മനസ്സിനു

ചിറകു മുളച്ചപ്പോൾ,

പിന്നെയാച്ചിറകുകൾ

പറക്കാൻ കൊതിച്ചപ്പോൾ,

ആരെയുമടിമയായി

ഭൂമിയിൽ കാണാത്തൊരു

കാലത്തിൻ തുടുമുഖം

തേടി നാം പുറപ്പെട്ടൂ.

നാമെന്നിട്ടതിന്നപ-

സ്വരങ്ങളാവുന്നുവോ?

വഴികാട്ടിയ നക്ഷ-

ത്രങ്ങളും മറഞ്ഞുവോ?

പുഴയൊന്നിരുവഴി

പിരിഞ്ഞു വീണ്ടും പലേ

ചെറു കൈവഴികളായി

മെലിഞ്ഞു, കടലിനെ-

ത്തിരഞ്ഞു വീണ്ടും കാടു-

ചുറ്റിപ്പാഴ്ശിലകളിൽ

തടഞ്ഞു തകർന്നാലും

ഓരോ നീർക്കണത്തിലും –

നിറഞ്ഞുനിൽക്കുന്നതാ

ക്കടലിൻ പാട്ടാണല്ലോ!!

~O N V

കൺപീലി

കാറ്റൊന്നാഞ്ഞടിച്ച നേരം

മിഴിയൊന്നു ചിമ്മിയടച്ച നേരം

കണ്ണാഴങ്ങളിലേക്കൊരാൾ

പാഞ്ഞുചെന്നു

കണ്ണു

തിരുമ്മി,

കണ്ണു കലങ്ങീ,

പിന്നെ, കൈയ്യോടെ പൊക്കി

വെളിയിലാക്കി

കുറ്റബോധം

തെറ്റ് ചെയ്തില്ലെന്നുറപ്പുണ്ടെന്നാകിലും

കുറ്റപ്പെടുത്തിയൊറ്റപ്പെടുത്തി

കുറ്റബോധം ജനിപ്പിച്ച്

സമാധാനം

കളയാൻ സ്വമനസ്സൊരെണ്ണം മതിയല്ലോ

ഭ്രാന്ത്

എല്ലാം മറന്ന്
സർവ്വം ത്യജിച്ച്
ആരാലും കാണാതെ
ആരെയും കേക്കാതെ
യറിയാതെയൊരുന്മാദ
തിടമ്പിൽ, ഒന്നുമില്ലായ്മ
തൻ മടിയോരം ചേരുവാൻ
ഇനിയെത്ര നാളുകൾ ബാക്കി?

#ഭ്രാന്ത്

തിരയും തീരവും

തീരമൊരു നാൾ തിരയോടു ചൊല്ലി,
‘അലയുന്നു ഞാൻ നിന്നിലലിയാനെ
ന്നാകിലും അരുതിനിയും വരരുതു
നീയെന്നുള്ളം ഉരുകും വഴിയോരമേ’

തിരയലകളാക്ഷണം മറുമൊഴിയേകി,
‘കാണാതെ പോവാനാവില്ലെനിക്ക്
വഴിമാറിപ്പോവുകയെങ്ങന്നെയീ
പോയ ജന്മത്തിൻ മാറ്റൊലികൾ’

ചില നനുത്ത നോവുകൾ

വെണ്ണ പോലുരുകും
ഹൃത്തിനൊരു നാൾ
കാരിരുമ്പിൻ പടച്ചട്ട
പണിതതും ഞാൻ..

ചൊല്പ്പിടിക്കു നിൽ
ക്കാത്തോർമ്മച്ചില
മ്പുകളെ ചങ്ങലക്കിട്ടു
ബന്ധിച്ചതും ഞാൻ..

പിന്നെയുമെന്തിനൊരു
സുഖമോലും നോവായ്
നീയിന്നെന്നിടനെഞ്ചിൽ
നിന്നൊഴുകി പരക്കുന്നു..

സ്വാശ്രയമേ സുരക്ഷ

നീ മുഴുവനാണ്
അരയോ മുറിയോ അല്ല
പിന്നെന്തിനാണ് നിന്നെ
പൂർണ്ണയാക്കാൻ മറ്റൊരാൾ

ഓർമ്മകൾ ദ്രവിക്കുമോ…

മരണത്തിൻ ശൂന്യതയുടെ ആഴങ്ങളിലേക്ക് ജീവിച്ചിരിക്കുന്ന മനസ്സുകൾ പറിച്ചെടുക്കപ്പെടുമ്പോൾ..
ആ ശൂന്യനിലയുൾക്കൊള്ളാൻ മരിക്കാത്ത ഓർമ്മകൾക്കാവതെങ്ങനെ?

ചിതലുകളരിച്ചു തിന്നെൻ
ഓർമ്മകൾ ദ്രവിച്ചു തീരാൻ
തപം ചെയ്തൂ നിരർത്ഥകം
പിന്നെയും ഞാൻ….

നീർമണിമുത്തുകൾ

കണ്ണുനീർ തുള്ളികളെ മറ്റാർക്കെങ്കിലും നോക്കി കരയാനോ ചിരിക്കാനോ വിട്ടുകൊടുന്നതെന്തിന്?

അനുമതിയാരായുമ്പോഴും വിസമ്മതം മോഹിച്ചുവോ

ചേമ്പിലതന്നിലെ
നീർത്തുള്ളിയായി
ഞാൻ, ഒരേ ക്ഷണം
നിന്നോടു ചേർന്നും
നിന്നെ വെടിഞ്ഞും

പോകാനനുമതി തേടിടുമ്പോഴും
വിസമ്മതമല്ലോ മോഹിച്ചു ഞാൻ.