പ്രണയനുറുങ്ങുകൾ

കര എന്നും കൂടെ ഉണ്ടാവണം എന്ന കടലിൻറെ ആഗ്രഹവും,

കടൽ എന്നും കൂടെ ഉണ്ടാവുമെന്ന കരയുടെ വിശ്വാസവും

ചേർന്നതാണ് കടൽത്തീരങ്ങൾ.

ആഗ്രഹവും വിശ്വാസവുമില്ലാത്തിടത്ത്

ഹൃദയങ്ങൾ സംവദിക്കുന്നതെങ്ങനെ?

മഴനൂലിഴയുടെ കഥ

മനസ്സുകളുടെ ഇഴയടുപ്പങ്ങളിലും വേറിട്ടുനിന്ന ഒരു മഴനൂലിഴയുടെ കഥ കേട്ടിട്ടുണ്ടോ..?

“നിൻറെ കണ്ണിൽ പ്രണയം മാത്രം നിറഞ്ഞു നിൽക്കുന്നത് കണ്ടു ആ മഴനൂലിഴ നിർത്താതെ പെയ്തു.. നിനക്കു തിരികെ തരാൻ ആകാത്ത സ്നേഹമത്രയും മഴയായ് ഒഴുക്കി..

നീ എന്നെങ്കിലും അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ..

പ്രണയമല്ല, മനസ്സുകളെ ഇഴയടുപ്പിച്ചതെന്ന് നീ എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ..”

ചില നെടുവീർപ്പുകൾ

..ഒരുപാട് സ്നേഹം ഉള്ളതു
കൊണ്ടും അടക്കിപ്പിടിച്ച
മൌനത്തിൽ എല്ലാം
ഒതുക്കുന്നവരുണ്ട്..💕

..ചില സാമീപ്യങ്ങൾ അത്രമേൽ
സാരമുള്ളതായതുകൊണ്ടും,
വാമൊഴികൾ പിൻവാങ്ങുന്ന
നേരങ്ങളുമുണ്ട്..💕

..പിന്നെയും നഷ്ടപ്പെടാതിരിക്കാ
നെന്നോണം ഇനിയൊരിക്കലും
കാണരുതെന്നോർക്കു
ന്നവരുമുണ്ട്..💕

സന്ധ്യ വരും മുമ്പേ അസ്തമിച്ച പകൽ

ആഗ്രഹമുണ്ടെങ്കിലും ആവശ്യമില്ലാത്തിടത്ത് അവൾക്കിനി തുടരാനാകില്ല. അവൾ പതിയെ നടന്നകന്നു, ഇനി ഒരു മടങ്ങിവരവ് ഇല്ലാത്തവിധം. അത് പ്രതീക്ഷിച്ചിരുന്ന അവന് അവളുടെ യാത്ര ഒരു ആശ്വാസം ആയി തോന്നി.

അസ്തമയം ആയി എന്ന തിരിച്ചറിവ് സന്ധ്യക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. അത് ഒരിക്കലും പകലിനു ചിന്തിക്കാൻ കഴിയില്ല അഥവാ ചിന്തിച്ചാലും നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി, സൂര്യൻ ജ്വലിച്ചു നിൽക്കുന്ന പകലിനു മുമ്പിൽ പ്രകടമാവുകയും ഇല്ല

സന്ധ്യ വരുന്നതിനു മുമ്പേ അസ്തമയം തേടിയ പകൽ ആയി മാറി അവൻ. പതിയെ അത് അവൻ തിരിച്ചറിഞ്ഞു തുടങ്ങി. നഷ്ടങ്ങളുടെ വ്യാപ്തി കൈവിട്ടു കളയും മുമ്പ് ആരും പൂർണ്ണമായ് ഉൾക്കൊള്ളാറില്ലല്ലോ…
രാത്രി അവൻ സൂര്യനെ അന്വേഷിച്ച് യാത്ര തുടങ്ങി, അടുത്ത പകൽ ജൻമത്തിലെങ്കിലും കണ്ടുമുട്ടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചുകൊണ്ട്

പ്രണയ നുറുങ്ങുകൾ

ഉള്ളുരുകുമ്പോഴും നിസ്സംഗതയുടെ
മൂടുപടമണിയുവതെന്തിനെന്ന്
പലവുരു ചോദിച്ചിട്ടിട്ടുമുത്തരമേകി
യില്ലൊരു സ്നേഹതന്മാത്രകളും