അങ്ങനെ മനസ്സിനു
ചിറകു മുളച്ചപ്പോൾ,
പിന്നെയാച്ചിറകുകൾ
പറക്കാൻ കൊതിച്ചപ്പോൾ,
ആരെയുമടിമയായി
ഭൂമിയിൽ കാണാത്തൊരു
കാലത്തിൻ തുടുമുഖം
തേടി നാം പുറപ്പെട്ടൂ.
നാമെന്നിട്ടതിന്നപ-
സ്വരങ്ങളാവുന്നുവോ?
വഴികാട്ടിയ നക്ഷ-
ത്രങ്ങളും മറഞ്ഞുവോ?
പുഴയൊന്നിരുവഴി
പിരിഞ്ഞു വീണ്ടും പലേ
ചെറു കൈവഴികളായി
മെലിഞ്ഞു, കടലിനെ-
ത്തിരഞ്ഞു വീണ്ടും കാടു-
ചുറ്റിപ്പാഴ്ശിലകളിൽ
തടഞ്ഞു തകർന്നാലും
ഓരോ നീർക്കണത്തിലും –
നിറഞ്ഞുനിൽക്കുന്നതാ
ക്കടലിൻ പാട്ടാണല്ലോ!!
~O N V