Unknown's avatar

About പാർവ്വണേന്ദു

Dandelion

മഴനൂലിഴയുടെ കഥ

മനസ്സുകളുടെ ഇഴയടുപ്പങ്ങളിലും വേറിട്ടുനിന്ന ഒരു മഴനൂലിഴയുടെ കഥ കേട്ടിട്ടുണ്ടോ..?

“നിൻറെ കണ്ണിൽ പ്രണയം മാത്രം നിറഞ്ഞു നിൽക്കുന്നത് കണ്ടു ആ മഴനൂലിഴ നിർത്താതെ പെയ്തു.. നിനക്കു തിരികെ തരാൻ ആകാത്ത സ്നേഹമത്രയും മഴയായ് ഒഴുക്കി..

നീ എന്നെങ്കിലും അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ..

പ്രണയമല്ല, മനസ്സുകളെ ഇഴയടുപ്പിച്ചതെന്ന് നീ എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ..”

സോഷ്യൽ മീഡിയാ ട്രോളുകളും മാനസിക പ്രശ്നങ്ങളും

2 വർഷം മുമ്പ് ഒരു ബ്ലോഗർന്റെ മരണവാർത്ത അറിഞ്ഞിരുന്നു, അതിന്നും
മായാതെ മനസ്സിലുടക്കി കിടപ്പുണ്ട്. ഏറെ പരിചയമില്ലാഞ്ഞിട്ടും, ആ ഓർമ്മ ഇടക്കിടെ കയറി വരും. ഇന്നലെ വീണ്ടും അദ്ദേഹത്തെപ്പറ്റി വായിക്കാനിടയായി, വേറൊരു ബ്ലോഗ് പോസ്റ്റിൽ. സോഷ്യൽ മീഡിയ ട്രോൾ കാരണം സ്വയം ജീവനെടുത്ത ഒരു കഥയായ്!!

മനസ്സിൽ വീണ്ടും ഒരു കല്ലെടുത്തു വെച്ച പോലായി അതറിഞ്ഞതിൽ പിന്നെ..

വിമർശനങ്ങൾ പലപ്പോഴും, വിമർശിക്കപ്പെടുന്നവരുടെ അവസ്ഥകൾ പൂർണ്ണമായും അറിഞ്ഞിട്ടാവണമെന്നില്ല ചെയ്യുന്നത്. അനുഭവങ്ങളും മനസ്സിലുള്ള ചിത്രങ്ങളും പിന്നെ കുറേയേറെ കേട്ടറിവുകളും ബാക്കി പൊടിപ്പും തൊങ്ങലും വെച്ച് കഥകൾ മെനയുമ്പോൾ, എത്ര മനക്കരുത്തുള്ളവരാണെന്ന് പറഞ്ഞാലും അതു കൊള്ളുന്നവരനുഭവിക്കുന്ന ആത്മ സംഘർഷങ്ങൾ മറ്റൊരാൾക്കും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയണമെന്നില്ല.

വിമർശിക്കപ്പെടുന്നവരുടെ സാഹചര്യങ്ങളും അവസ്ഥകളും പൂർണ്ണമായി മനസ്സിലാക്കാതെയുള്ള ക്രൂരമായ വ്യക്തിഹത്യകൾ ഒരു പക്ഷേ അവരെക്കൊണ്ടെത്തിക്കുന്നത് പിന്നീടാർക്കും തന്നെ അവരെ ജീവിതത്തിലേക്ക് തിരിച്ചെടുക്കാൻ പറ്റാത്തിടങ്ങളിലാവാം.

അവർ നിങ്ങളോട് പൊറുക്കാൻ പറ്റാത്ത തെറ്റ് ചെയ്തെന്നു തോന്നുന്നുവെങ്കിൽ തന്നെ സമൂഹ മാധ്യമങ്ങളല്ലല്ലോ അതിനുള്ള നീതി നിർവ്വാഹകർ !!

നിരുപദ്രവകരമായ ട്രോളുകളും കൺസ്ട്രക്ടീവ് ക്രിട്ടിസിസങ്ങളും ആവാം. എന്നാ സാഹചര്യങ്ങളറിയാതെ, അല്ലെങ്കിൽ സാഹചര്യങ്ങളെ മുതലെടുത്തു കൊണ്ടുള്ള അതിരുവിട്ട മാനഹത്യകൾ ഒന്നിനും പരിഹാരമല്ലെന്നു മാത്രമല്ല, വിമർശിക്കുന്നവർ തന്നെ പാശ്ചാത്തപിക്കാൻ ഉള്ള ഒരു സാഹചര്യം ഭാവിയിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ആരേയും ന്യായീകരിക്കാനോ കുറ്റപ്പെടുത്താനോ അല്ല ഞാനിതെഴുതുന്നത്,

ഇരയായാലും പ്രതിയായാലും സോഷ്യൽ മീഡിയ ട്രോളിൽ നാളെ ആരും തന്നെ വധിക്കപ്പെടാതിരിക്കട്ട..

ഈറൻ ഓർമ്മകൾ

ഓരോ തന്മാത്രയേയും അഗ്നി എടുത്തു ,

ശേഷം വന്ന ചാരത്തെ പുഴയും.

ബാക്കിയായ ഓർമ്മകളെ തിരിച്ചെടുക്കാൻ മാത്രം

ഒരു പുഴയും അഗ്നിയും വന്നില്ല..

ഭ്രാന്ത്

എല്ലാം മറന്ന്
സർവ്വം ത്യജിച്ച്
ആരാലും കാണാതെ
ആരെയും കേക്കാതെ
യറിയാതെയൊരുന്മാദ
തിടമ്പിൽ, ഒന്നുമില്ലായ്മ
തൻ മടിയോരം ചേരുവാൻ
ഇനിയെത്ര നാളുകൾ ബാക്കി?

#ഭ്രാന്ത്

തിരയും തീരവും

തീരമൊരു നാൾ തിരയോടു ചൊല്ലി,
‘അലയുന്നു ഞാൻ നിന്നിലലിയാനെ
ന്നാകിലും അരുതിനിയും വരരുതു
നീയെന്നുള്ളം ഉരുകും വഴിയോരമേ’

തിരയലകളാക്ഷണം മറുമൊഴിയേകി,
‘കാണാതെ പോവാനാവില്ലെനിക്ക്
വഴിമാറിപ്പോവുകയെങ്ങന്നെയീ
പോയ ജന്മത്തിൻ മാറ്റൊലികൾ’

നൊമ്പരത്തുള്ളി

‘തേടി വരാനാരോ ഉണ്ടെന്ന നിൻറെ വ്യാമോഹം’

ഇന്നെന്നെ അപൂർണ്ണയാക്കി, എന്ന് തുളുമ്പും മുന്നേ വറ്റിപ്പോയൊരാ നൊമ്പരത്തുള്ളി..

ജീവിതത്തിലെ വെല്ലുവിളികൾ

“ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ട് അപ്രതീക്ഷിതമായതിനെ സംഭവിക്കാൻ അനുഭവിക്കുമ്പോഴേ ജീവിതം എന്ന മഹാത്ഭുതത്തെ ശരിക്കും മനസ്സിലാകൂ” – ( By the river Piedra I sat down and wept)

ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഇതു തന്നെയാകാം, എന്തും എപ്പോഴും സംഭവിക്കാം.

വിധിയിൽ വിശ്വസിക്കുന്നവർക്ക് സംഭവിച്ചതെല്ലാം വിധിയെന്ന് കരുതി സമാധാനിക്കാം..

അല്ലാത്തവരോ, അപ്രതീക്ഷിതമായതിനോട് പൊരുത്തപ്പെടാൻ പഠിക്കുക തന്നെ..

ഒരറിവും ചെറുതല്ല!!

ഒരറിവും ചെറുതല്ല!!
കണ്ടും കാണാതെയും കേട്ടും കേൾക്കാതെയും നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഓരോ ചരാചരങ്ങൾക്കും എന്തോ ഒന്ന് നമ്മെ അറിയിക്കുവാൻ ഉണ്ടാവും. സന്ദർഭം ശരിയായി മനസ്സിലാക്കുമ്പോൾ മാത്രമേ അത് എന്താണെന്ന് ഗ്രാഹ്യം ആവുകയുള്ളൂ.

ചിലപ്പോൾ പ്രജ്ഞയിൽ തന്നെ ഉള്ള എന്നാൽ ഒട്ടും ശ്രദ്ധിക്കാത്ത കാര്യമാവും അത്. നമുക്ക് അറിയാവുന്ന കാര്യം തന്നെ കണ്ടുപിടിക്കാൻ പലചരാചരങ്ങളിലൂടെ സംവേദനങ്ങൾ ഒരുക്കിത്തന്നതോ പ്രകൃതി നിയമങ്ങളും!!.

ഒരറിവും ചെറുതല്ല തന്നെ. ബാഹ്യമായ “അഹം” ഭാവത്തെ മാറ്റിനിർത്തിയാൽ, പ്രത്യക്ഷപ്പെടുന്ന യാഥാർഥ്യങ്ങള ചേർത്തു ചിന്തിക്കുമ്പോൾ നിരവധി വ്യാഖ്യാനങ്ങൾ ലഭിക്കും.

ചില നനുത്ത നോവുകൾ

വെണ്ണ പോലുരുകും
ഹൃത്തിനൊരു നാൾ
കാരിരുമ്പിൻ പടച്ചട്ട
പണിതതും ഞാൻ..

ചൊല്പ്പിടിക്കു നിൽ
ക്കാത്തോർമ്മച്ചില
മ്പുകളെ ചങ്ങലക്കിട്ടു
ബന്ധിച്ചതും ഞാൻ..

പിന്നെയുമെന്തിനൊരു
സുഖമോലും നോവായ്
നീയിന്നെന്നിടനെഞ്ചിൽ
നിന്നൊഴുകി പരക്കുന്നു..

ചില നെടുവീർപ്പുകൾ

..ഒരുപാട് സ്നേഹം ഉള്ളതു
കൊണ്ടും അടക്കിപ്പിടിച്ച
മൌനത്തിൽ എല്ലാം
ഒതുക്കുന്നവരുണ്ട്..💕

..ചില സാമീപ്യങ്ങൾ അത്രമേൽ
സാരമുള്ളതായതുകൊണ്ടും,
വാമൊഴികൾ പിൻവാങ്ങുന്ന
നേരങ്ങളുമുണ്ട്..💕

..പിന്നെയും നഷ്ടപ്പെടാതിരിക്കാ
നെന്നോണം ഇനിയൊരിക്കലും
കാണരുതെന്നോർക്കു
ന്നവരുമുണ്ട്..💕