നീലകാശത്തിൻ
സ്വരനിസ്വരങ്ങളിൽ
വാർമുകിലു ചിന്തിയ
മാറ്റൊലികൾ !!
#മഴക്കാറ്റ്
Rain wind;
echoes shed by rain clouds in the flutters of blue sky
~ Akhila
നീലകാശത്തിൻ
സ്വരനിസ്വരങ്ങളിൽ
വാർമുകിലു ചിന്തിയ
മാറ്റൊലികൾ !!
#മഴക്കാറ്റ്
Rain wind;
echoes shed by rain clouds in the flutters of blue sky
~ Akhila
ഒന്നൊളിക്കണം,
മഴ പെയ്തു തോരുന്ന നേരം
ഇലകളിലൂടെ ഉതിർന്നു വീഴുന്ന
തുള്ളികൾക്കുള്ളിൽ..
ഒന്നു പാടണം,
കാറ്റിന്റെ മിടിപ്പോടു ചേർന്ന്
മരങ്ങൾ മൂളുന്ന
ചിറകുള്ള കവിതകൾ ..
ഒന്നു മിണ്ടണം,
ഹിമകണങ്ങൾ നിറഞ്ഞ
ധവളപുഷ്പങ്ങളുള്ള
ബോഗൈൻ വില്ലയോട് ..
ഹൈക്കു കവിതകൾക്ക് ഒരു പ്രത്യേക അനുഭൂതിയാണ് .. കുറഞ്ഞ വാക്കുകളിൽ ഒരു ‘ആഹാ’ ജനിപ്പിക്കുന്ന കുഞ്ഞു കവിതകൾ .
5-7-5 പദഗണങ്ങളായി 3 വരികളിൽ (ഒന്നാം വരിയിൽ 5-ഉം രണ്ടാം വരിയിൽ 7-ഉം മൂന്നാം വരിയിൽ 5-ഉം സിലബെല്ലുകളിൽ) കുറിക്കപ്പെടുന്ന കുഞ്ഞു കവിതകൾ..
സിലബെല്ലുകൾ എന്നാൽ, ഒരു സ്വരം മാത്രമുളള വ്യഞ്ജനക്കൂട്ടം.
ഹൈക്കു കവിതകൾ ജപ്പാനിൽ 17 ആം നൂറ്റാണ്ടിലാണ് രൂപപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ നിമിഷത്തിന്റെ സ്പന്ദനങ്ങളാണ് ഈ കവിതകളിലുടനീളം. വരികളിൽ അനാവൃതമാവുന്നതോ, പ്രകൃതിയുടെ പ്രതിഫലനങ്ങളും.
വെയിലിൻ ഹാസം
ലാസ്യത്തിലൊഴുകുന്നു
മഞ്ഞുമലകൾ
മിഴിയാഴങ്ങൾ
തുളുമ്പാതൊരാറിനെ
ഗർഭത്തിലേറ്റി
മഴവില്ലുകൾ
തെളിമാനത്ത് വിരിയും
മഴനിഴലുകൾ
ചെമ്പനീർക്കാട്ടിൽ
ചെമ്പരത്തി പൂത്തെന്നു
ഭ്രാന്തിതൻ മൊഴി
ചേമ്പിലത്തുള്ളി
വിൺ കാറ്റു കുടഞ്ഞിട്ട
മഴനർത്തനം
വെയിൽ വിരുന്ന്
വെളുക്കെച്ചിരിക്കുന്നൂ
വെള്ളാരംകുന്ന്
കടൽ മനസ്സ്
ചെറു നിലാവു മതി
തിരയണക്കാൻ
വേറിടുമെന്നുറപ്പിൽ
നൂൽനൂറ്റ ഇഴകൾ
ഈടുറപ്പിനെച്ചൊല്ലി
ഒരു നാളും കലഹിച്ചതില്ല
ഒരു നാളും വേർപെട്ടതുമില്ല !!
എനിക്ക് സ്നേഹം വേണം..അത് പ്രകടമായി തന്നെ കിട്ടണം.. ഉള്ളിൽ സ്നേഹം ഉണ്ട്, പക്ഷേ അത് പ്രകടിപ്പിക്കാൻ ആവുന്നില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.. ശവകുടീരത്തിൽ ചെന്ന് പൂവിട്ടാൽ ഞാൻ അറിയുമോ..
ശരീരം മറന്ന് പ്രേമിക്കാൻ അറിയുന്ന ഒരാളെ അന്വേഷിക്കുകയായിരുന്നു ഞാൻ. എൻറെ ശരീരം നശിച്ച ശേഷവും എന്നെ സ്നേഹിക്കാൻ ത്രാണിയുള്ള ഒരു കാമുകൻ..
~ മാധവിക്കുട്ടി
കര എന്നും കൂടെ ഉണ്ടാവണം എന്ന കടലിൻറെ ആഗ്രഹവും,
കടൽ എന്നും കൂടെ ഉണ്ടാവുമെന്ന കരയുടെ വിശ്വാസവും
ചേർന്നതാണ് കടൽത്തീരങ്ങൾ.
ആഗ്രഹവും വിശ്വാസവുമില്ലാത്തിടത്ത്
ഹൃദയങ്ങൾ സംവദിക്കുന്നതെങ്ങനെ?
എഴുത്തുപുരയിൽ ആണിയടിച്ച് തറച്ചിട്ട വരികൾക്ക് ഭാരമേറുന്നുണ്ട്. ഒരു ചെറു കാറ്റിൽ പോലും ആടിയുലയുന്ന അക്ഷരങ്ങൾ!
പച്ചമണ്ണിൽ കെട്ടിപ്പൊക്കിയ ചുമരുകളും അശക്തമാണ്, ഇനിയും താങ്ങിനിർത്താൻ.
ചില നിമിഷങ്ങളിൽ, കണ്ണുകൾ പെയ്യാത്ത ചില നിമിഷങ്ങളിൽ മാത്രം, ഭ്രാന്തായിട്ടില്ല എന്ന് അറിയിക്കാൻ സ്വയം കണ്ണാടി നോക്കി ചിരിച്ചുറപ്പിക്കുന്നുമുണ്ട് അക്ഷരങ്ങളുടെ ആത്മാവ്!
അങ്ങനെ മനസ്സിനു
ചിറകു മുളച്ചപ്പോൾ,
പിന്നെയാച്ചിറകുകൾ
പറക്കാൻ കൊതിച്ചപ്പോൾ,
ആരെയുമടിമയായി
ഭൂമിയിൽ കാണാത്തൊരു
കാലത്തിൻ തുടുമുഖം
തേടി നാം പുറപ്പെട്ടൂ.
നാമെന്നിട്ടതിന്നപ-
സ്വരങ്ങളാവുന്നുവോ?
വഴികാട്ടിയ നക്ഷ-
ത്രങ്ങളും മറഞ്ഞുവോ?
പുഴയൊന്നിരുവഴി
പിരിഞ്ഞു വീണ്ടും പലേ
ചെറു കൈവഴികളായി
മെലിഞ്ഞു, കടലിനെ-
ത്തിരഞ്ഞു വീണ്ടും കാടു-
ചുറ്റിപ്പാഴ്ശിലകളിൽ
തടഞ്ഞു തകർന്നാലും
ഓരോ നീർക്കണത്തിലും –
നിറഞ്ഞുനിൽക്കുന്നതാ
ക്കടലിൻ പാട്ടാണല്ലോ!!
~O N V
ഉരുക്കു പോലെ ഉറപ്പുറ്റ പാറക്കൂട്ടങ്ങളായിരുന്നു !!
പക്ഷേ ഉടഞ്ഞുപോയത്രേ..
മുമ്പേ നിരന്തരം പതിച്ച ഇടിമിന്നലുകൾ കണ്ണടച്ചിരുട്ടാക്കിയപ്പോ, പഴി കേട്ടത് അവസാന ക്ഷണം വന്നു പെട്ട പൊടിയുറുമ്പുകളും ..
മനസ്സു കൂട്ടു വെട്ടിയ
നേരങ്ങളിൽ പോലും
തനിച്ചു വിട്ടിരുന്നില്ല..
ഏതൊക്കെയോ ഭാഷയിൽ
എപ്പോഴും മിണ്ടീം പറഞ്ഞും
കൂട്ടിരുന്നിരുന്നു..