ഓർമ്മകൾ ദ്രവിക്കുമോ…

മരണത്തിൻ ശൂന്യതയുടെ ആഴങ്ങളിലേക്ക് ജീവിച്ചിരിക്കുന്ന മനസ്സുകൾ പറിച്ചെടുക്കപ്പെടുമ്പോൾ..
ആ ശൂന്യനിലയുൾക്കൊള്ളാൻ മരിക്കാത്ത ഓർമ്മകൾക്കാവതെങ്ങനെ?

ചിതലുകളരിച്ചു തിന്നെൻ
ഓർമ്മകൾ ദ്രവിച്ചു തീരാൻ
തപം ചെയ്തൂ നിരർത്ഥകം
പിന്നെയും ഞാൻ….

നീർമണിമുത്തുകൾ

കണ്ണുനീർ തുള്ളികളെ മറ്റാർക്കെങ്കിലും നോക്കി കരയാനോ ചിരിക്കാനോ വിട്ടുകൊടുന്നതെന്തിന്?

അനുമതിയാരായുമ്പോഴും വിസമ്മതം മോഹിച്ചുവോ

ചേമ്പിലതന്നിലെ
നീർത്തുള്ളിയായി
ഞാൻ, ഒരേ ക്ഷണം
നിന്നോടു ചേർന്നും
നിന്നെ വെടിഞ്ഞും

പോകാനനുമതി തേടിടുമ്പോഴും
വിസമ്മതമല്ലോ മോഹിച്ചു ഞാൻ.

സമയമായി

ഒപ്പം കൂടാനില്ല ഞാനേകയായി
മടങ്ങുന്നു
സമയമായി എൻ കാലവും
ഗണിക്കപ്പെട്ടു
നിനക്കായിത്തുടിച്ചൊരാ ഹൃദയവും നിലക്കാറായ്
കണ്ണീരിൻ നനവുള്ള മിഴികളും
മയങ്ങാറായി .

മുഴങ്ങുന്നു നാദമെൻ കർണ്ണപുടങ്ങളിൽ
കാലാധിപയാം ദേവീ
നിൻ പദസരനാദമിതെത്ര മനോഹരം.

പ്രണയ നുറുങ്ങുകൾ

ഉള്ളുരുകുമ്പോഴും നിസ്സംഗതയുടെ
മൂടുപടമണിയുവതെന്തിനെന്ന്
പലവുരു ചോദിച്ചിട്ടിട്ടുമുത്തരമേകി
യില്ലൊരു സ്നേഹതന്മാത്രകളും

പ്രണയനുറുങ്ങുകൾ

നീന്റെ കണ്ണുകളിൽ നോക്കിയിരിക്കെ

കൈവിട്ടു പോയ മനസ്സിനെ തേടി

മൂകമാം പ്രണയവീചികളിലേറി

വീണ്ടും ഞാൻ നിന്നരികിലെത്തി

മൃത്യു

മൃത്യുവിന്നു മാത്രമറിയാവുന്ന

രഹസ്യമാർക്കും പകരാതെയോരോ

ദേഹവും ദേഹിയെ പിരിഞ്ഞിടുന്നൂ

കാലം പിന്നെയും ബാക്കിവെച്ചവരോ

രോന്നെണ്ണിപ്പെറുക്കിയീ തീരാനോവിൻ

കയത്തില് പിടിവള്ളിയില്ലാതുഴറിടുന്നൂ

ഞാനെന്ന സത്യം

ഞാനാണു നീയെന്നഹന്തയോ

നിന്നെയേറ്റം ഭ്രമിപ്പിച്ചിടുന്നു

ഞാനെന്ന സത്യം ക്ഷണികമെ

ന്നെന്തേ നീയിനിയുമറിഞ്ഞതില്ല

മേനി തന്‍ പുറംമോടി മിനുക്കി

ത്തുടച്ചു ഞാന്‍ ലയിപ്പിച്ചിടാം

നിന്നെയാവോള, മെന്‍വരുതി

യെലെന്നുമെന്‍ മനസ്സേ നിന്നെ

ഞാന്‍ പൂജിച്ചിടാം, ഞാനെന്ന

ദേഹി തന്‍ പ്രാണന്‍ വിടയാവോളം

മനസ്സേ നിന്നെ ഞാന്‍ കുടിയിരുത്താമന്യ

യാമൊരു ദേഹിയെത്തേടി നീയകലുവോളം